10 May, 2019 12:12:54 PM


തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; അന്തിമ തീരുമാനം കലക്ടറുടേതെന്ന് വനം മന്ത്രിയും



കൊച്ചി: തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ വിലക്കിയ കേസിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു. തൃശൂർ പൂരത്തിന്‍റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.


തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് ഒഴിവാക്കിയില്ലെങ്കിൽ ആഘോഷങ്ങൾക്ക് ആനകളെ ആകെ വിട്ടു നൽകില്ലെന്ന നിലപാടുമായി ആന ഉടമകൾ രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ പ്രശ്നത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സർക്കാരിന് മുന്നിലെത്തുകയാണ്. 


ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. എഴുന്നെള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹർജിക്കാർക്കുള്ളത്. നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനനുസരിച്ച് എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ട് തീരുമാനം വരുമെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.


തൃശൂർ പൂരത്തിൽ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കലക്ടർ അധ്യക്ഷയായ സമിതിയാണെന്ന് വനം മന്ത്രി കെ രാജു ആവര്‍ത്തിച്ചു. ഹൈക്കോടതിയും ഇതേ നിലപാട് വ്യക്തമാക്കിയത് തന്‍റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി തിരുവന്തപുരത്ത് പറഞ്ഞു. ജില്ലാ കലക്ടർ ടി.വി.അനുപമ അധ്യക്ഷയായ സമിതിയിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥ‍ർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥ‍ർ, ആന ഉടമ പ്രതിനിധികൾ, പാപ്പാൻമാരുടെ പ്രതിനിധികൾ തുടങ്ങി ഉത്തരവാദപ്പെട്ട എല്ലാവരുമുണ്ട്. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്നും കെ രാജു പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K