14 May, 2019 12:04:45 PM


ജര്‍മനിയിലെ ഹോട്ടലില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു



ബവേറിയ: ജര്‍മനിയില്‍ അമ്പും വില്ലും ഉപയോഗിച്ചുണ്ടായ ആക്രമണത്തില്‍ മുന്നു പേര്‍ മരിച്ചു. 650 കിലോ മീറ്റര്‍ അകലെ നിന്നും സമാനമായി മരിച്ച രണ്ട് സ്ത്രീകളുടെ മൃതദേഹവും കണ്ടെത്തി. ജര്‍മ്മനിയിലെ ബാവേറിയന്‍ ഹോട്ടലില്‍ വച്ചാണ് മൂന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം, പാസാവുവില്‍ നിന്നും 635 കിലോമീറ്റര്‍ അകലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തിലുള്ള ഗിഫ്‌ഫോണ്‍ നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും സമാനരീതിയിലുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.


30കാരിയായ സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയത്. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ട മറ്റുരണ്ടുപേര്‍. ഇരുവരും കൈകള്‍കോര്‍ത്ത് പിടിച്ച് കട്ടിലില്‍ അമ്പേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച വില്ലുകള്‍ നിലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. മരിച്ച എല്ലാവരും ജര്‍മ്മന്‍ പൗരന്മാരാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. എന്താണ് ആക്രമണത്തിന് കാരണം എന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.


കൈയ്യില്‍ ഒരു ബാഗുപോലും ഇല്ലാതെയാണ് 53 വയസ്സുള്ള ഒരു പുരുഷനും രണ്ട് സ്ത്രീകളും ഹോട്ടലില്‍ മുറിയെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് ഇവരുടെ കൂട്ടത്തിലുള്ള സ്ത്രീ മുറിയെടുത്തത്. പിന്നീട് എട്ടുമണിയോടെ കാറില്‍ നിന്നും ഇവര്‍ ടെന്നീസ് കിറ്റിന്റെ ആകൃതിയുള്ള ബാഗ് കൊണ്ടുപോകുന്നതും ഹോട്ടല്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. കട്ടിലില്‍ ആലിംഗനബധരായി കിടന്ന പുരുഷന്റെയും സ്ത്രീയുടേയും തലയില്‍ രണ്ടും നെഞ്ചില്‍ മൂന്നും അമ്പുകള്‍ വീതമാണുണ്ടായിരുന്നത്.


മൂന്നാമത്തെ സ്ത്രീയുടെ കഴുത്തില്‍ അമ്പേറ്റ നിലയിലാണുണ്ടായിരുന്നത്. എന്നാല്‍ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ആരും ഇത്തരത്തില്‍ കൊലപാതകം ഉണ്ടായതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വേട്ടയാടുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ക്രോസ്‌ബോ എന്ന് അമ്പും വില്ലും ജര്‍മ്മനിയില്‍ നിരോധിച്ചതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K