15 May, 2019 01:50:40 PM


നെയ്യാറ്റിന്‍കര ആത്മഹത്യ: പ്രതിഷേധം ശക്തം; ബാങ്ക് റീജിയണല്‍ ഓഫീസ് അടിച്ചു തകര്‍ത്തു




തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍റെ ഭാര്യ ലേഖ, മകള്‍ വൈഷ്ണവി എന്നിവര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. തിരുവനന്തപുരത്തെ കാനറ ബാങ്കിന്‍റെ റീജിയണല്‍ ഓഫീസിലേക്ക് തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ബാങ്ക് അടിച്ചുതകര്‍ക്കുകയായിരുന്നു. റീജിയണല്‍ ഓഫീസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. പ്രതിഷേധം ഭയന്ന് കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ അടച്ചിട്ടു.


ജപ്തി ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്തത് എന്ന് നേരത്തെ ഭര്‍ത്താവും മറ്റു ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധമുണ്ടായത്. എന്നാല്‍ പിന്നീട് മരണത്തിന്‍റെ ഉത്തരവാദി ഭര്‍ത്താവും വീട്ടുകാരുമാണെന്ന ആത്മഹത്യാകുറിപ്പ് കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ച് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടും ബാങ്കിനെതിരെയുള്ള പ്രതിഷേധം പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. വമ്പന്‍മാര്‍ക്ക് വായ്പകള്‍ കൊടുത്ത് എഴുതിതള്ളുന്ന ബാങ്കുകള്‍ പാവപ്പെട്ടവന്‍റെയും സാധാരണക്കാരന്‍റെയും വീടുകള്‍ ജപ്തി ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K