15 May, 2019 07:13:24 PM


കറുകച്ചാലില്‍ വിദേശ മദ്യഷോപ്പില്‍ അഗ്നിബാധ; വരി നിന്നവരുടെ ഒരുമ അപകടം ഒഴിവാക്കി



ചങ്ങനാശ്ശേരി: കറുകച്ചാലില്‍ വിദേശ മദ്യഷോപ്പില്‍ അഗ്നിബാധ. മദ്യം മേടിക്കാന്‍ വരി നിന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ സമോയോചിതമായ ഇടപെടല്‍ മദ്യകുപ്പികളെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. കറണ്ട് പോയതിനെ തുടര്‍ന്ന് ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്‍റെ പ്രവര്‍ത്തനം. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ ജനറേറ്ററിന് തീ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിതുടങ്ങി. ജവാന്‍ മദ്യം സൂക്ഷിച്ചിരുന്നതിനടുത്തായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്.


ജനറേറ്റര്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. വിദേശമദ്യ ശാലയ്ക്ക് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളം കോരി ഏവരും ഒരേ മനസ്സാല്‍ പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാനായത്. ഇതിനിടെ വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സും എത്തി. ഇതോടെ വലിയ ദുരന്തം ഒഴിവായി. ഓടികൂടിയവര്‍ ബക്കറ്റിലും കാലി കുപ്പിയിലുമൊക്കെയാണ് വെള്ളം എത്തിച്ചത്. രണ്ട് മുറികളിലായി വില്‍പനയ്ക്കുള്ള മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊള്ളലേറ്റു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K