15 May, 2019 07:29:52 PM


സൗരോർജ്ജം തുണയായി; മൂന്നു മാസത്തിനുള്ളിൽ എം.ജി. സർവകലാശാല ലാഭിച്ചത് 8.73 ലക്ഷം രൂപ




കോട്ടയം : സൗരോർജ്ജ പ്ലാന്റിലൂടെ വൈദ്യുതി ഉല്പാദിപ്പിച്ച് മൂന്നു മാസം കൊണ്ട് മഹാത്മാ ഗാന്ധി സർവകലാശാല ലാഭിച്ചത് 8.73 ലക്ഷം രൂപ. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിക്കുന്ന ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വൈദ്യുതി ചാർജ് കുറച്ച് എം.ജി. സർവകലാശാല നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ യഥാക്രമം 12.76 ലക്ഷം, 14.19, 13.55 ലക്ഷം രൂപയാണ് വൈദ്യുതി ചാർജ് അടച്ചതെങ്കിൽ ഇത്തവണ അത് 9.84, 11.34, 10.58 ലക്ഷം രൂപയായി കുറഞ്ഞെന്ന് സിൻഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കൺവീനർ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. ഇതിലൂടെ 8,73,761 രൂപ സർവകലാശാലയ്ക്ക് ലാഭിക്കാൻ കഴിഞ്ഞു.


എട്ട് കെട്ടിടസമുച്ചയങ്ങളിലായി 400 കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളാർ പവർപ്ലാന്റ് സ്ഥാപിച്ചാണ് സർവകലാശാല വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. 3.25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സോളാർ പവർപ്ലാന്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സർവകലാശാല ആവശ്യങ്ങൾക്കുപയോഗിക്കുന്നുണ്ട്. മിച്ചം വരുന്നത് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുന്നു. ദിവസേന 1600 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാർജാണ് സർവകലാശാല അടയ്ക്കുന്നത്. 320 കിലോവാട്ട് ശേഷിയുള്ള 1258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിംഗ് ഇൻവെർട്ടറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. സർവകലാശാല എൻജിനീയറിംഗ് വിഭാഗത്തിനാണ് പരിപാലന ചുമതല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K