15 May, 2019 08:39:45 PM


നെയ്യാറ്റിൻകരയില്‍ ആത്മഹത്യ: ആദരാഞ്ജലി അർപ്പിച്ച് കശുവണ്ടി വ്യവസായികൾ



കൊല്ലം: ബാങ്കുകളുടെ സർഫേസി എന്ന കരിനിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കശുവണ്ടി വ്യവസായികൾ നെയ്യാറ്റിൻകരയില്‍ ആത്മഹത്യ ചെയ്ത സഹോദരിമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കേരള കശുവണ്ടി വ്യവസായ സംയുക്തസമരസമിതിയുടെയും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെയും  നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതീകാത്മക സർഫാസി ആക്ട് ബുക്ക് കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.  


കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണ പദ്ധതികൾ  കേരള സർക്കാർ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പോലും ബാങ്കുകൾ സർഫാസി എന്ന കരിനിയമത്തിന്‍റെ പിൻബലത്തിൽ വ്യവസായികളും കുടുംബങ്ങളും താമസിച്ചുകൊണ്ടിരിക്കുന്ന വീടുകളിൽ നിന്നും തൊഴിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പോലും ജപ്തി നടപടികൾ നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം.


കേരളത്തിലെ ബാങ്കുകൾ കശുവണ്ടി മേഖലയിലെ പുനരുദ്ധാരണ പദ്ധതികളെ അട്ടിമറിക്കുകയും കശുവണ്ടി വ്യവസായികളുടെ വീടുകളും ഫാക്ടറികളും സർഫാസി ആക്ട് എന്ന കരിനിയമത്തിലൂടെ പിടിച്ചടക്കുന്നതിന് വരുന്ന ബാങ്ക് അധികൃതരുടെ മുൻപിലുള്ള ആത്മഹത്യകൾ കേരളം കാണാനിരിക്കുന്നതേയള്ളൂവെന്ന് സംസ്ഥാന പ്രസിഡണ്ട് ബി.നൗഷാദ് അഭിപ്രായപ്പെട്ടു.


കൊല്ലത്ത് കശുവണ്ടി വ്യവസായികളുടെ നടപടികൾ നെയ്യാറ്റിൻകരയിലെ സഹോദരിമാരുടെ ആത്മഹത്യ പോലെയല്ല കൂട്ട ആത്മഹത്യ തന്നെയായിരിക്കുമെന്നും നടക്കുന്നതെന്ന് കൺവീനർ രാജേഷ്.കെ അഭിപ്രായപ്പെട്ടു. നിരവധി കശുവണ്ടി വ്യവസായികളും സ്ത്രീ തൊഴിലാളികളും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളും പങ്കെടുത്തു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K