20 May, 2019 07:14:03 PM


കിട്ടാകനിയായി കുടിവെള്ളം; വിലയ്ക്ക് വാങ്ങുന്ന വെള്ളം നാട്ടുകാര്‍ക്ക് പകുത്തു നല്‍കി മാന്നാനം കെ.ഇ സ്കൂള്‍



കോട്ടയം: കിണറുകളും കുളവും വറ്റി. കുടിക്കാന്‍ തരി വെള്ളമില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാന്‍ വെള്ളം വില കൊടുത്ത് വാങ്ങുന്നു. ഈ സാഹചര്യത്തിലും തങ്ങള്‍ വില കൊടുത്തു വാങ്ങുന്ന കുടിവെള്ളം നാട്ടുകാര്‍ക്ക് പകുത്തു നല്‍കി മാതൃകയാകുകയാണ് മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂള്‍. 


കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ മാന്നാനത്തെ നാട്ടുകാര്‍ക്ക് യഥേഷ്ടം കുടിവെള്ളം ശേഖരിക്കാന്‍ സ്കൂളിന് മുന്നില്‍ ടാങ്കും സജ്ജീകരിച്ചുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം ഒരു മാസം മുമ്പ് ആരംഭിച്ചത്. ദിവസേന ഒരു ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം സ്കൂളിലെ ആവശ്യത്തിന് വില കൊടുത്ത് വാങ്ങുന്നുണ്ട്. ലോറിയില്‍ എത്തിക്കുന്ന ഈ ജലം അതേപടി നാട്ടുകാര്‍ക്ക് ഉപയോഗിക്കുവാന്‍ കൊടുക്കുകയല്ല ഈ മാതൃകാ വിദ്യാലയം ചെയ്യുന്നത്. 


ആധുനികരീതിയിലുള്ള ജലശുദ്ധീകരണ യന്ത്രത്തിലൂടെ അരിച്ചാണ് വെള്ളം വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ എത്തുന്നത്. വെയിലത്ത് ഇരുന്നാലും ചൂട് ഏല്‍ക്കാത്ത വിധമുള്ള മുന്തിയ ഇനം ടാങ്കാണ് ഇതിനായി വാങ്ങി സ്ഥാപിച്ചത്. ജലനിരപ്പ് താഴുന്നതനുസരിച്ച് ഓട്ടോമാറ്റിക്കായി ടാങ്കില്‍ വെള്ളം നിറയും. അതുകൊണ്ട് 24 മണിക്കൂറും ജലം ലഭ്യമാണിവിടെ. പരിസരവാസികളും മാന്നാനം പ്രദേശത്ത് വിവിധ മേഖലകളില്‍ ജോലിക്കെത്തുന്നവരും ഇപ്പോള്‍  സ്കൂള്‍ നല്‍കുന്ന വെള്ളം ഉപയോഗിക്കുന്നുണ്ട്.


പഠനത്തില്‍ ദേശീയതലത്തില്‍തന്നെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്കൂള്‍ പാവപ്പെട്ടവര്‍ക്ക് കൈതാങ്ങായി നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയാണ്. വീടില്ലാത്തവര്‍ക്കായി വീട് പണിതുകൊടുക്കുന്ന പദ്ധതിയും രോഗികള്‍ക്ക് മരുന്നും ചികിത്സാസഹായവും എത്തിക്കുന്നതും ഒക്കെ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ സ്കൂള്‍ നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K