21 May, 2019 07:58:39 AM


അശോക് ലവാസയുമായി അഭിപ്രായ ഭിന്നത: തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ പ്രശ്നം തീർക്കാൻ യോഗം ഇന്ന്



ദില്ലി: നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് ലവാസ നിലപാടെടുത്തു. ഇന്ന് കമ്മീഷൻ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് പരസ്യമാക്കിയിരിക്കുന്നത്. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘനങ്ങളിൽ നടപടിയെടുത്തില്ലെന്നും ലവാസ  ആരോപിക്കുന്നു. 


17 -ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണപ്രത്യാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങൾ പരിശോധിച്ച ശേഷം കമീഷൻ നൽകിയ ക്ലീൻ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീൻ ചിറ്റ് നൽകിയതിനെതിരായ കമീഷൻ അംഗത്തിന്‍റെ വിയോജിപ്പ് മിനിട്‍സിൽ രേഖപ്പെടുത്താത്തതാണ് കമ്മീഷണർ അശോക് ലവാസയെ പരസ്യ വിമർശനത്തിലെത്തിച്ചത്. 


കമ്മീഷൻ അംഗം അശോക് ലവാസയുമായുളള അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ സുനിൽ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K