21 May, 2019 12:43:46 PM


തിരുവനന്തപുരം പഴവങ്ങാടിയില്‍ വന്‍ അഗ്നിബാധ: നാല് കടകള്‍ കത്തി നശിച്ചു; ഫയര്‍മാന് പരിക്ക്



തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം വന്‍ അഗ്നിബാധ. തീ പിടിത്തത്തില്‍ ചെല്ലം അമ്പര്‍ലാ മാര്‍ട്ട് എന്ന സ്ഥാപനം പൂര്‍ണ്ണമായി കത്തി നശിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പഴവങ്ങാടി റോഡിലെ ഓവർ ബ്രിഡ്ജിനു താഴെയുള്ള സ്ഥാപനത്തില്‍ തീ പിടുത്തമുണ്ടായത്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രണ വിധേയമായി. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ കടയില്‍ തീ പടരുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു.


തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി വിവരമുണ്ട്. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റോക്കുകൾ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാൻ പ്രയാസമുണ്ടാക്കി. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുകയായിരുന്നു. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിരുന്നു. കെട്ടിടങ്ങൾ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളിൽ ചിലത് അടച്ചിട്ട നിലയിലുമാണ്. 


ചെങ്കൽ ചൂളയിൽ നിന്നും ചാക്കയിൽ നിന്നുമെല്ലാം ഫയര്‍ എൻജിനുകളെത്തിയാണ് തീയണക്കാൻ ശ്രമം നടന്നത്. കടകളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി. തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം കടയില്‍ ഇല്ലാതിരുന്നത് കൂടുതല്‍ പ്രശ്നമായതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മന്ത്രി കടകം പള്ളി സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K