23 May, 2019 01:15:07 AM


സര്‍വ്വസജ്ജം: കോട്ടയത്ത് വോട്ടെണ്ണല്‍ എട്ട് കേന്ദ്രങ്ങളിൽ; സ്ട്രോംഗ് റൂമുകൾ 7ന് തുറക്കും

   

കോട്ടയം: ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നഗരത്തിലെ എട്ട് കേന്ദ്രങ്ങളിലായി ഇന്ന് നടക്കും. ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ ചുമതലയുള്ള നിയമസഭാ മണ്ഡലങ്ങള്‍ ഇന്നലെ(മെയ് 22) രാവിലെ നടന്ന റാന്‍ഡമൈസേഷനില്‍ നിര്‍ണയിച്ചു നല്‍കി. ഇന്ന്(മെയ് 23) പുലര്‍ച്ചെ അഞ്ചിനാണ് ഇവരുടെ വോട്ടെണ്ണല്‍ ടേബിളുകള്‍ തീരുമാനിക്കുന്ന അവസാന റാന്‍ഡമൈസേഷന്‍. 

ഏഴു നിയസഭാ മണ്ഡലങ്ങളിലെ വോട്ടുകളും തപാല്‍-ഇടിപിബി സര്‍വീസ് വോട്ടുകളും എണ്ണുന്നതിന് പ്രത്യേകം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ വരണാധികാരിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബസേലിയോസ് കോളേജ് ഒഴികെ എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ടിന് കൗണ്ടിംഗ് ആരംഭിക്കും. ബസേലിയോസ് കോളേജില്‍ രാവിലെ എട്ടിന് തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഇവിടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ 8.30നാണ് എണ്ണിത്തുടങ്ങുക. 

വോട്ടെണ്ണല്‍ ഇങ്ങനെ 


നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുളള സ്ട്രോംഗ് റൂമുകള്‍ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 7.30ന് തുറക്കും. സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  വോട്ടിംഗ് യന്ത്രങ്ങളും കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയും സ്ട്രോംഗ് റൂമില്‍നിന്ന് പുറത്തെടുക്കും. ആദ്യ റൗണ്ടില്‍ എണ്ണേണ്ട യന്ത്രങ്ങളാണ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്ക് കൈമാറുക.

ടേബിളില്‍ എത്തുന്ന ഓരോ കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസര്‍ മുദ്രവച്ചതുതന്നെയാണെന്ന് ക്യാരി കേസിലെയും വോട്ട് അക്കൗണ്ടായ 17 സിയിലെയും  സീരിയല്‍ നമ്പരുകള്‍, സ്ഥാനാര്‍ഥികളുടെയോ ഏജന്‍റുമാരുടെയോ കൈവശമുള്ള രേഖ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തും. കണ്‍ട്രോള്‍ യൂണിറ്റിലെ അഡ്രസ് ടാഗ്, പിങ്ക് പേപ്പര്‍ സീല്‍, റിസള്‍ട്ട് സെക്ഷനില്‍ നല്‍കിയ അഡ്രസ് ടാഗ് എന്നിവയും പരിശോധിച്ചശേഷമാണ് റിസള്‍ട്ട് സെക്ഷന്‍ തുറക്കുക. 

കണ്‍ട്രോള്‍ യൂണിറ്റിന്‍റെ പിന്‍വശത്തുള്ള പവര്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ മെഷീനില്‍ കാണിക്കുന്ന സീരിയല്‍ നമ്പര്‍, വോട്ട് അക്കൗണ്ടായ 17 സിയിലേതു തന്നെയെന്ന് ഉറപ്പാക്കിയശേഷം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ റിസള്‍ട്ട് ബട്ടന്‍ അമര്‍ത്തും. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്‍റ്, മൈക്രോ ഒബ്സര്‍വര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവര്‍ക്ക് കാണത്തക്കവിധം ഉയര്‍ത്തിപ്പിടിച്ചായിരിക്കും റിസള്‍ട്ട് ബട്ടന്‍ അമര്‍ത്തുക. 

ഓരോ ടേബിളിലെയും അതത് റൗണ്ടുകളിലെ വോട്ടു വിവരം  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെയും വെബ്സൈറ്റുകളില്‍  പ്രസിദ്ധീകരിക്കും. വോട്ടെണ്ണലിനു ശേഷം എല്ലാ കണ്‍ട്രോള്‍ യൂണിറ്റുകളും ക്യാരി കേസില്‍വച്ച് സീല്‍ ചെയ്ത് ഭദ്രമാക്കി സ്ട്രോംഗ് റൂമില്‍ തിരികെ എത്തിക്കും. 

തപാല്‍-സര്‍വ്വീസ് വോട്ടുകള്‍

ഇന്നലെ(മെയ് 22) വരെ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ 1766 തപാല്‍ വോട്ടുകളും 744 ഇടിപിബി സര്‍വ്വീസ് വോട്ടുകളും ലഭിച്ചിട്ടുണ്ട്. ?ഇന്ന് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പുവരെ കിട്ടുന്ന തപാല്‍-സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും.

വിവരങ്ങള്‍ തത്സമയം

വോട്ടെണ്ണലിന്‍റ വിവരങ്ങള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വെബ്സൈറ്റിലും(results.eci.gov.in) ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ സജ്ജമാക്കിയിട്ടുള്ള trend.kerala.gov.in എന്ന സൈറ്റിലും വിവരങ്ങള്‍ ലഭിക്കും. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ എന്‍.ഐ.സിയുടെ ഠൃലിറ OnMobile-Kerala HPC Elections 2019   എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകും.  


മീഡിയ സെന്‍ററുകള്‍

മാധ്യമങ്ങള്‍ക്ക് വോട്ടെണ്ണല്‍ വിവരങ്ങള്‍ നല്‍കുന്നതിന് എല്ലാ കൗണ്ടിംഗ് കേന്ദ്രങ്ങളിലും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മീഡിയ സെന്‍ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ വരണാധികാരിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളേജിലാണ് പ്രധാന മീഡിയ സെന്‍റര്‍ പ്രവര്‍ത്തിക്കുക.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K