23 May, 2019 12:56:48 PM


നടന്നത് മതേതര വോട്ടെടുപ്പല്ലെന്ന് സുധാകരന്‍; ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് വാസവന്‍



തിരുവനന്തപുരം: ഇന്ത്യയില്‍ നടന്നത് മതേതര വോട്ടെടുപ്പല്ലെന്ന് മന്ത്രി ജി സുധാകരന്‍. മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തുവെന്നും അതൊന്നും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ ന്യൂനപക്ഷ ഏകീകരണമുണ്ടായതാണ് തോല്‍വിക്ക് കാരണമായതെന്നും കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ പറഞ്ഞു. 


യുഡിഎഫിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരൻ പറഞ്ഞു. തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. ചില മാധ്യമങ്ങളും പൊലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം. അവരോട് കടപ്പെട്ടിരിക്കുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി.കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K