26 May, 2019 07:57:15 AM


വ്യാജരേഖാ കേസ്: കർദിനാള്‍ ആലഞ്ചേരിക്കെതിരെ വികാരി ജനറലിന്‍റെ സർക്കുലർ പള്ളികളിൽ; ഒപ്പം പ്രതിഷേധവും



കൊച്ചി: വ്യാജരേഖാ കേസിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ. പള്ളികളിൽ വായിച്ച ഈ സർക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികള്‍ ഇന്നലെ ഇടയ ലേഖനം കത്തിച്ചു. കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.


ഫാദർ ആന്‍റണി കല്ലൂക്കാരനേയും കേസിൽ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തിൽ അനുകൂലിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം. വ്യാജരേഖാ കേസ് പിന്‍വലിക്കാമെന്ന ഉറപ്പ് ആലഞ്ചേരി പാലിച്ചില്ലെന്ന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ ലേഖനം സഭയില്‍ വിവാദമായിയിരുന്നു. അതേസമയം കേസിലെ നാലാംപ്രതി ഫാദർ ആന്‍റണി കല്ലൂക്കാരന്‍റെ അറസ്റ്റ് ഈ മാസം 28 വരെ കോടതി തടഞ്ഞു. അതിനിടെ ഒന്നാം പ്രതി ഫാ. പോൾ തേലക്കാടിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാക്കുന്നത് വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K