29 May, 2019 09:48:11 PM


പരാതി മറച്ചുവെച്ച് കുഴല്‍കിണറിന് അനുമതി; നഗരസഭയ്ക്കും ഭൂജലവകുപ്പിനുമെതിരെ നാട്ടുകാര്‍



ഏറ്റുമാനൂര്‍: സ്വകാര്യവ്യക്തിക്ക് കുഴല്‍കിണര്‍ കുഴിക്കാന്‍ ഏകപക്ഷീയമായി അനുമതി നല്‍കിയ നഗരസഭ, ഭൂജലവകുപ്പ് അധികൃതര്‍ക്കെതിരെയും പരിസരവാസികളെ മുള്‍മുനയില്‍ നിര്‍ത്തി പാതിരാത്രിയില്‍ കിണര്‍ കുത്തുന്നതിന് ഒത്താശ നല്‍കിയ പോലീസ് നടപടിക്കെതിരെയും പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ഏറ്റുമാനൂര്‍ നഗരസഭയുടെ 34-ാം വാര്‍ഡില്‍ വേനലില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ശക്തിനഗറിലാണ് ഒന്നിനു പിറകെ ഒന്നായി കുഴല്‍കിണറുകള്‍ കുഴിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. 

കുഴല്‍കിണറുകള്‍ അനിയന്ത്രിതമായി കുഴിക്കുന്നതിനാല്‍ കിണറുകളിലെ ജലം വറ്റി കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന അവസ്ഥയില്‍ പ്രദേശത്ത് വീട് പണിയുന്ന സ്വകാര്യ വ്യക്തി അവരുടെ പുരയിടത്തില്‍ ഒരു മാസം മുമ്പ് അനധികൃതമായി കുഴല്‍കിണര്‍ കുഴിക്കാനുള്ള നീക്കം പരിസരവാസികള്‍ ത‌ടഞ്ഞിരുന്നു. ഈ വിഷയം ചൂണ്ടി കാട്ടിയും ജലക്ഷാമം രൂക്ഷമാകുന്ന അവസ്ഥയില്‍ കുഴല്‍കിണറിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് പരിസരവാസികള്‍ റസിഡന്‍റ്സ് അസോസിയേഷന്‍ മുഖേന നഗരസഭയ്ക്കും ഭൂജലവകുപ്പിനും പരാതി നല്‍കിയിരുന്നു. പരാതി ഉണ്ടെങ്കില്‍ അനുമതി നല്‍കില്ല എന്നുറപ്പ് നല്‍കിയ ഭൂജലവകുപ്പും നഗരസഭാ ചെയര്‍മാനും പിന്നീട് മലക്കം മറി‍ഞ്ഞ് ഏകപക്ഷീയമായി കിണര്‍ കുത്താന്‍ അനുമതി നല്‍കിയെന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല നാട്ടുകാരുടെ ഉറക്കം കെടുത്തി പാതിരാത്രിയില്‍ കിണര്‍ കുത്തുന്നതിന് പോലീസും ഒത്താശ ചെയ്തുവെന്ന് കാട്ടി പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. 

ഭൂജലവകുപ്പ് നഗരസഭയ്ക്ക് നല്‍കിയ കത്തില്‍ നാട്ടുകാരുടെ പരാതി വിഷയത്തില്‍ ഉള്ളതായി ചൂണ്ടികാണിച്ചിരുന്നു. എന്നിട്ടും പരാതിയില്‍ വാദം കേള്‍ക്കാനോ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനോ തയ്യാറാകാതെ വളരെ രഹസ്യമായാണ് നഗരസഭ കുഴല്‍കിണര്‍ കുഴിക്കുന്നതിന് അനുമതി നല്‍കിയത്. യന്ത്രസാമഗ്രികളുമായി സ്ഥലമുടമ കഴിഞ്ഞ ദിവസം കിണര്‍ കുത്താന്‍ എത്തിയപ്പോള്‍ മാത്രമാണ് അനുമതി ലഭിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. വിവരമന്വേഷിച്ചപ്പോള്‍ നിഷേധാത്മകമായ രീതിയിലുള്ള മറുപടിയാണ് നഗരസഭാ ചെയര്‍മാന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. 

പ്രദേശവാസികള്‍  കിണര്‍ കുഴിക്കാനുള്ള ശ്രമം തടഞ്ഞത്  പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമാക്കിയിരുന്നു. സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലമുടമയ്ക്ക് സംരക്ഷണം നല്‍കി കിണര്‍ കുത്തിക്കുകയായിരുന്നു. രാത്രിയില്‍ കിണര്‍ കുത്തരുതെന്ന വാദം പോലീസ് ചെവികൊണ്ടില്ലെന്നും പരാതിയുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ മുഖ്യമന്ത്രി, ഭൂജലവകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയതായി പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് അറിയിച്ചു. ഇതിനിടെ ചൊവ്വാഴ്ച നടന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ പരാതി മറച്ചുവെച്ച് അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തുവെങ്കിലും ചെയര്‍മാന്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായാണ് അറിയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K