04 June, 2019 09:31:20 AM


കൊച്ചിയിൽ വിദ്യാര്‍ത്ഥിക്ക് നിപാ ബാധ സ്ഥിരീകരിച്ചു ; കൂട്ടുകാരനും ചികിത്സിച്ച രണ്ടു നഴ്‌സുമാരും നിരീക്ഷണത്തില്‍

 


കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപാബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സാമ്പിള്‍ പൂനെയിലേക്ക് അയച്ചത്. അതേസമയം തന്നെ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.


കോഴിക്കോട് ആദ്യ തവണ കണ്ടെത്തിയത് പോലെ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി നിരീക്ഷണത്തിലാണ്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ കൂട്ടുകാരനും വിദ്യാര്‍ഥിയെ ചികിത്സിച്ച രണ്ടു നഴ്‌സുമാരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥത ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ കൂട്ടുകാരനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നഴ്‌സുമാരെയും മാറ്റും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നതിനാല്‍ ആശങ്കയ്ക്ക് സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.


എല്ലാ പ്രതിരോധ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകള്‍ ആവശ്യമായി സ്‌റ്റോക്കുണ്ടെന്നും രോഗം പടരാന്‍ ഇടയാകുന്ന സാഹചര്യങ്ങളില്‍ നിന്നും രോഗികള്‍ സ്വയം അകന്നു നില്‍ക്കണമെന്നും പറഞ്ഞു. രോഗബാധയുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പടര്‍ത്തരുതെന്നും അത്തരം കാര്യങ്ങളെ ജനങ്ങള്‍ തള്ളിക്കളയണമെന്നും പറഞ്ഞു. വിദ്യാര്‍ത്ഥിക്കൊപ്പം താമസിച്ച ആറു പേര്‍ ഉള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലാണ്.


രോഗത്തിന്റെ ഉറവിടം സംബന്ധിച്ച സ്ഥിരീകണം മന്ത്രി നടത്തിയിട്ടില്ല. വവ്വാല്‍ മുഖാന്തിരമാണ് രോഗം പടരുന്നതെന്ന സംശയം ആവര്‍ത്തിച്ചു. രോഗം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും ജനങ്ങള്‍ കരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു. പനിപോലെയുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം അകന്നു നില്‍ക്കണമെന്നും ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എയിംസില്‍ നിന്നുള്ള ആറംഗ വിദഗ്ദ്ധ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K