04 June, 2019 09:40:16 PM


നിപ്പ: കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധിയെ നേരിടാം: മന്ത്രി കെ.കെ ഷൈലജ



കൊച്ചി: നിപ്പ സ്ഥിരീകരണത്തിനെതുടര്‍ന്ന് രോഗ പ്രതിരോധത്തിനും ചികില്‍സയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് എറണാകുളത്ത് ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. നിപ്പ പ്രതിരോധത്തിനായി രൂപീകരിച്ച കോര്‍ഗ്രൂപ്പിന്റെ ഏകോപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


പനി ലക്ഷണങ്ങളോടെ അഞ്ച് പേരെയാണ് ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളെജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ ആരോഗ്യ നില ഇപ്പോഴും സ്റ്റേബിളാണ് എന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുന്നു. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെ നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു.   


വിവിധ കേന്ദ്ര സംഘങ്ങളും ജില്ലയില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, നിരീക്ഷണം, വൈറസിന്റെ ഉറവിടം കണ്ടെത്തല്‍, തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപ്പയെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. രണ്ട് കേസുകള്‍ കണ്ടെത്തി പോലീസിന് തുടര്‍നടപടികള്‍ക്കായി നല്‍കിയെന്നും കളക്ടര്‍ വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K