05 June, 2019 08:58:21 PM


കോട്ടയം മെഡി. കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു; രോഗിയെയും കൊണ്ട് കറങ്ങിയത് 3 മണിക്കൂര്‍

രോഗി ആംബുലന്‍സില്‍ കിടക്കുന്നത് പിആര്‍ഓ ഡോക്ടറെ അറിയിച്ചില്ലെന്ന് ആരോപണം; ഒപ്പം പിആര്‍ഓയ്ക്ക് മര്‍ദ്ദനവും



കോട്ടയം: പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച 62 വയസുകാരനായ രോഗി മരിച്ചു. കട്ടപ്പന സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നു. ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉച്ചക്ക് രണ്ട് പത്തിന് മെഡിക്കൽ കോളേജിലെത്തിച്ച ജേക്കബ് തോമസ് മരണത്തിന് കീഴടങ്ങിയത് മൂന്ന് ആശുപത്രികളിലായി മൂന്ന് മണിക്കൂര്‍ നീണ്ട കറക്കത്തിനുശേഷം.


കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗി പുറത്ത് ആംബുലൻസിൽ കിടക്കുന്ന കാര്യം പി ആർ ഒ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വെന്‍റിലേറ്റർ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ മകൾ ചോദിച്ചത്. ഇല്ലെന്ന് വ്യക്തമാക്കിയ പിആര്‍ഓ മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോകുകയായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. വെന്‍റിലേറ്റർ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം റെനി നിഷേധിച്ചു. ആദ്യം സംസാരിച്ചത് ഒരു നഴ്സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയ ശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞു.


രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പിആര്‍ഒയെ അറിയിച്ചു, ആവശ്യ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ബെഡില്ലെന്നായിരുന്നു പിആര്‍ഒയുടെ പ്രതികരണം. ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്നും റെനി ആരോപിച്ചു. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാന്‍ തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു. പിആര്‍ഒയുടെ സമീപനം ഉത്തരവാദപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ പോലും രോഗിയെ നോക്കാന്‍ അയയ്ക്കാന്‍ പോലും പിആര്‍ഒ തയ്യാറായില്ലെന്നും റെനി ആരോപിക്കുന്നു. 


മെഡിക്കൽ കോളേജ് കൂടാതെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നീ ആശുപത്രികളില്‍ എത്തിയെങ്കിലും അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരു ഡോക്ടർ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകൾ റിനി പറഞ്ഞു. തിരിച്ച് മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും രോഗി മരിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കുറോളം മൂന്ന് ആശുപത്രികളിലായി രോഗിയെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നടക്കുകയായിരുന്നു തങ്ങളെന്നും മരണം സംഭവിച്ച ശേഷം മാധ്യമങ്ങൾ എത്തിയപ്പോഴാണ് ഡോക്ടർമാർ ആബുലൻസിൽ തിരിഞ്ഞ് നോക്കിയതെന്നും  ബന്ധുക്കൾ പറയുന്നു. 


അതേ സമയം രോഗി മരിച്ചതിനെത്തുട‍ർന്ന് ആശുപത്രി പിആ‍ർഒയെ ജേക്കബിന്‍റെ ബന്ധുക്കൾ മ‍ർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജേക്കബ് തോമസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ മുന്നിൽ നി‍ർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടർമാരുടെ പിഴവിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ആശുപത്രികള്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുമെന്ന് മരിച്ചയാളുടെ മകൾ റെനി പറ‌ഞ്ഞു. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K