06 June, 2019 07:59:17 AM


ഗവിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്




പത്തനംതിട്ട:  കാട്ടാനയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പൊട്ടി. ബസ് ഡ്രൈവര്‍ പരുക്കുകള്‍ കൂടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  തിരുവനന്തപുരത്തു നിന്നും മൂഴിയാറിനു പോയ ബസിനു നേരെയാണ് ഇന്നലെ രാത്രി 10 മണിയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആങ്ങമൂഴി ഗവി റൂട്ടില്‍ ചോരകക്കി ഭാഗത്തായിരുന്നു സംഭവം.


ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാരാണ് സംഭവസമയത്ത് ബസില്‍ ഉണ്ടായിരുന്നത്. ആനയും കുട്ടിയും കൂടി റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബസ് എത്തുന്നത്. ആനയെ കണ്ടയുടന്‍ ഡ്രൈവര്‍ പി മനോജ് ബസ് റോഡില്‍ നിര്‍ത്തി. ഇതിനിടെ മുന്നോട്ട് നടന്ന് പോയ ആന തിരികെ വന്ന് ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത ശേഷം ഡ്രൈവര്‍ക്കു നേരെയും ആന തിരിഞ്ഞു. ഡ്രൈവിങ് സീറ്റില്‍ നിന്നും മാറിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.


വെഞ്ഞാറംമൂട് ഡിപ്പോയിലെയാണ് ബസ്. ഇതിനു മുന്‍പും ഇവിടെ ബസിനു നേര്‍ക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ആങ്ങമൂഴി കിളിയെറിഞ്ഞാല്‍ കല്ല് ചെക്ക് പോസ്റ്റ് മുതല്‍ മൂഴിയാര്‍ വരെയുള്ള ഭാഗം പൂര്‍ണ്ണമായും വനമാണ്. ഇവിടെ മിക്കപ്പോഴും കാട്ടാനകളുടെ സാന്നിധ്യം പതിവാണെന്ന് അധികൃതര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K