07 June, 2019 10:38:33 PM


വില്ലേജോഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാകണം: മന്ത്രി ഇ. ചന്ദ്രശേഖരൻ




മൂവാറ്റുപുഴ: വില്ലേജോഫീസുകൾ ജന സൗഹൃദ കേന്ദ്രങ്ങളാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. നിർമ്മാണം പൂർത്തിയാക്കിയ മുളവൂർ സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജോഫീസുകളെയാണ്. അതു കൊണ്ട് തന്നെ മാന്യമായ പെരുമാറ്റവും പ്രശ്ന പരിഹാരവുമുണ്ടാകണം.

ജീവനക്കാരുടെ സമീപനമാണ് സർക്കാരിന്റെ പ്രതിഛായ നിർണയിക്കുന്നതിൽ പ്രധാന ഘടകം. എന്നാൽ അപൂർവ്വം ചില ജീവനക്കാർ സ്വാർത്ഥതയോടെ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് സർക്കാർ യാതൊരു സംരക്ഷണവും നൽകില്ല. വില്ലേജോഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സ്മാർട്ട് വില്ലേജോഫീസുകളുടെ നിർമ്മാണവും നിലവിലുള്ളവയുടെ അറ്റകുറ്റപണിയുമെല്ലാം ഇതിന്റെ ഭാഗമാണ്. കൂടാതെ ശോച്യാവസ്ഥയിലുള്ള വില്ലേജോഫീസുകളുടെ പുനരുദ്ധാരണത്തിനായി കളക്ടർമാർക്ക് സർക്കാർ പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് മനസ്സമാധാനത്തോടെ ജോലി ചെയ്യുന്നതിനോടൊപ്പം വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതു ജനങ്ങൾക്ക് മാന്യമായ സേവനം ഉറപ്പാക്കലും സർക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ആശ.സി.എബ്രാഹം സ്വാഗതം പറഞ്ഞു. നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത സിജു, വിന്‍സന്റ് ഇല്ലിയ്ക്കല്‍, മെമ്പര്‍മാരായ വി.എച്ച്.ഷഫീഖ്, സി.കെ.സിദ്ധീഖ്, മറിയംബീവി നാസര്‍, നസീമ സുനില്‍, പി.എസ്.ഗോപകുമാര്‍, എ.ജി.മനോജ്, ആമിന മുഹമ്മദ് റാഫി, അശ്വതി ശ്രീജിത്ത്, വിവിധ കക്ഷിനേതാക്കളായ ആര്‍.സുകുമാരന്‍, ഒ.കെ.മോഹനന്‍, കെ.കെ.ശ്രീകാന്ത് എന്നിവര്‍ സമ്പന്ധിച്ചു.വില്ലേജ് ഓഫീസര്‍ ജിജോ വര്‍ഗീസ് നന്ദി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K