08 June, 2019 11:32:17 AM


കാൻസർ ഇല്ലാതെ കീമോ ചെയ്ത സംഭവം: ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും എതിരെ കേസ്



കോട്ടയം: കാൻസർ ഇല്ലാതെ കീമോ ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്കെതിരെയും രണ്ട് ലാബുകൾക്കുമെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കുടശനാട് സ്വദേശി രജനി(38)യുടെ പരാതിയിൽ സർജറി വിഭാഗത്തിലെ ഡോ.രഞ്ജിൻ, കാൻസർ വിഭാഗത്തിലെ ഡോ.സുരേഷ് കുമാർ എന്നിവർക്കെതിരെയും തെറ്റായ റിപ്പോർട്ട് നൽകിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്കാനിംഗ് സെന്‍റർ എന്നി ലാബുകള്‍ക്കെതിരെയുമാണ് കേസെടുത്തത്.


രജനിയുടെ അച്ഛൻ പീതാംബരനോടൊപ്പം എത്തിയ രജനി നല്‍കിയ പരാതിയില്‍ ഐപിസി 366, 377 വകുപ്പുകൾ ചുമത്തിയാണ് കേസ്. മുഖ്യമന്ത്രിക്കു രജനി തിങ്കളാഴ്ച പരാതി നൽകും. മാറിടത്തിലെ മുഴ കാന്‍സറായിരിക്കാം എന്ന സംശയത്തിലാണ് രജനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള ഡയനോവ ലാബോറട്ടറിയിൽ നടത്തിയ ബയോപ്സി പരിശോധനയില്‍ മുഴ കാൻസറാണെന്നു തെറ്റായി കണ്ടെത്തി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ രജനിക്കു കീമോ തെറപ്പി ചികിൽസയും നൽകി.


ഇതിനിടെ ഡയനോവയ്ക്കൊപ്പം കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിൽ നൽകിയ പരിശോധനാ ഫലത്തിൽ കാൻസറില്ലെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലും ബയോപ്സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ഇതോടെ ഡയനോവയിലെ സാംപിൾ തിരിച്ചെടുത്ത് മെഡിക്കൽ കോളജ് ലാബിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കീമോ തെറപ്പി നിർത്തിയത്. കാൻസറില്ലെന്ന് അന്തിമ പരിശോധനാ ഫലത്തിലും പിന്നീട് രജനിയുടെ മാറിടത്തിൽ നിന്നു നീക്കം ചെയ്ത മുഴയിൽ നിന്നുള്ള സാംപിൾ കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ പരിശോധിച്ചപ്പോഴും ഉറപ്പാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K