09 June, 2019 03:04:40 PM


പിണറായി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളം കടക്കെണിയിലാകും: കെ.സി.ജോസഫ്




കോട്ടയം: പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കടക്കെണിയിലായ സംസ്ഥാനം കേരളമാകുമെന്ന് കെ.സി.ജോസഫ് എം.എല്‍.എ.കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. 

കിഫ്ബിയെന്ന വെള്ളാനയെ കാട്ടിയാണ് പിണറായി പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രയോഗിക നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് വികസന നിരോധനമാണ്. സംസ്ഥാന സര്‍ക്കാര്‍ അനുദിനം വന്‍കടക്കെണിയിലേക്കാണ് പോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി സ്വകാര്യവത്കരിക്കുകയാണ്.

നരേന്ദ്ര മോദി അദാനിയെ സഹായിക്കുന്നത് പോലെ പിണറായി വിജയന്‍ കേരളത്തില്‍ റിലയന്‍സിന് വളരാന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുന്നു. അതിന്റെ ഭാഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പവകാശം റിലയിന്‍സിന് നല്‍കിയത്. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ചാണ് ബി.ജെ.പിയും മോദിയും ദേശിയതലത്തില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പോഷകസംഘടനപോലെയാണ് പ്രവര്‍ത്തിച്ചത്. മോദിയുടെ അധികാരത്തിലേക്കുള്ള മടങ്ങിവരവ് ആശങ്ക ഉണ്ടാക്കുന്നുതാണെന്നും കെ.സി.ജോസഫ് പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K