11 June, 2019 09:17:57 PM


നഗരസഭയുടെ സ്ഥലത്തെ 'കൈയേറ്റം': കൗണ്‍സിലില്‍ ബഹളം; ന്യൂമാൻ കോളേജിന‌് നോട്ടീസ‌് നൽകി



തൊടുപുഴ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി നിർമാണപ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ ന്യൂമാൻ കോളേജ‌് അധികൃതർക്ക‌് നഗരസഭ നോട്ടീസ‌് നൽകി. സ്ഥലത്ത‌് ഇട്ട മണ്ണ‌് ഏഴു ദിവസത്തിനകം നീക്കം ചെയ‌്ത‌് പൂർവസ്ഥിതിയിലാക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് നോട്ടീസ‌്. എന്നാൽ, ഇതുസംബന്ധിച്ച‌് കേസ‌് നടക്കുകയാണെന്നും സ്ഥലം കൈയേറിയിട്ടില്ലെന്നുമാണ‌് ന്യൂമാൻ കോളേജ‌് അധികൃതരുടെ വാദമെന്നാണ‌് ചെയർപേഴ‌്സൺ ജെസി ആന്‍റണി പറയുന്നു.

കഴിഞ്ഞ നഗരസഭാ കൗൺസിലിൽ ഈ വിഷയം ചർച്ച ചെയ‌്തിരുന്നു. മണ്ണ‌് നിക്ഷേപിച്ചത‌് തങ്ങളല്ലെന്നാണ‌് കോളേജ‌് അധികൃതരുടെ വാദം. നഗരസഭയുടെ നിരുത്തരവാദ നിലപാടിനെതിരെ എൽഡിഎഫ‌് ‐ ബിജെപി അംഗങ്ങൾ ശക്തമായി രംഗത്തുവന്നിരുന്നു. കൈയേറ്റം അന്വേഷിക്കാൻ നേരത്തെ രൂപീകരിച്ച സബ‌്കമ്മിറ്റി നഗരസഭയുടെ സ്ഥലമാണെന്നായിരുന്നു കണ്ടെത്തിയത്. സ്ഥലം ഏറ്റെടുത്ത‌് അവിടെ ഷോപ്പിങ‌് കോംപ്ലക‌്സ‌് നിർമിക്കണമെന്നായിരുന്നു രാജീവ‌് പുഷ‌്പാംഗദൻ, ബാബു പരമേശ്വരൻ എന്നിവരടങ്ങുന്ന സബ‌്കമ്മിറ്റിയുടെ ശുപാർശ. 

പിന്നീട‌് തർക്കം കോടതിയിലെത്തി. കേസിൽ തീർപ്പുണ്ടാകുന്നതിന‌് മുമ്പാണ‌് ഈ സ്ഥലത്ത‌് മണ്ണിട്ട‌് നികത്താൻ ആരംഭിച്ചത‌്. ഇതോടെ കഴിഞ്ഞ നഗരസഭാ കൗൺസിലിൽ കെ കെ ആർ റഷീദ‌് വിഷയം ഉന്നയിച്ചു. ബഹളത്തെ തുടർന്ന‌് ഇക്കാര്യം പരിശോധിച്ച‌് കോളേജ‌് അധികൃതർക്ക‌് നോട്ടീസ‌് നൽകാൻ ധാരണയായിരുന്നു. തിങ്കളാഴ‌്ചത്തെ കൗൺസിലിൽ കെ കെ ആർ റഷീദ‌്  വീണ്ടും ഉന്നയിച്ചപ്പോഴാണ‌് അഞ്ചു ദിവസം മുമ്പ‌് നോട്ടീസ‌് നൽകിയെന്ന‌് സെക്രട്ടറി വ്യക്തമാക്കിയത‌്.

നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ള സ്ഥലത്താണ‌് മണ്ണ‌് നിക്ഷേപിച്ചിരിക്കുന്നതെന്നും വ്യക്തമായി. നോട്ടീസ‌് പ്രകാരം രണ്ട്‌ ദിവസം മാത്രമാണ‌് മണ്ണ‌് നീക്കാൻ ഇനി ബാക്കിയുള്ളത‌്. ഈ സമയപരിധിക്കുള്ളിൽ സ്ഥലം പൂർവസ്ഥിതിയിലാക്കാൻ കോളേജ‌് അധികൃതർ തയ്യാറായില്ലെങ്കിൽ നഗരസഭ നേരിട്ട‌് നടപടി സ്വീകരിക്കണമെന്ന പൊതുവികാരമാണ‌് കൗൺസിലിൽ ഉയർന്നത‌്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K