12 June, 2019 07:12:57 PM


വായു ചുഴലിക്കാറ്റ്: ആദ്യ മരണം മുംബൈയിൽ; നിരവധി ട്രെയിനുകൾ റദ്ദാക്കി



മുംബൈ: വായു ചുഴലിക്കാറ്റിൽ ആദ്യ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ അതിശക്തമായി വീശിയ കാറ്റിൽ ഹോർഡിങ് തകർന്ന് വീണ്. മധുകർ നർവേകർ (62) എന്ന കാൽനടയാത്രികനാണ് മരിച്ചത്. ചർച്ച് ഗേറ്റ് റെയിൽവെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോൾ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റൻ മ്യൂറൽ പെയിന്റിങിന്‍റെ ക്ലാഡിങ് താഴേക്ക് പതിക്കുകയായിരുന്നു.


ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്.


ട്രെയിനുകൾ പൂർണ്ണമായും ഭാഗികമായും റദ്ദാക്കി

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നിരവധി ട്രെയിനുകൾ പൂർണ്ണമായും ഭാഗികമായും പശ്ചിമ റെയിൽവെ റദ്ദാക്കി. വരാവൽ, ഓഖ, പോർബന്തർ, ബുജ് തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രത്യേക ട്രയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


ബുധനാഴ്ച ആറ് മണി മുതലാണ് ഈ റെയിൽവെ സ്റ്റേഷനുകളുടെ സാധാരണ രീതിയിലുള്ള പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. പകരം ആറ് മുതൽ പത്ത് വരെ കോച്ചുകളുള്ള പ്രത്യേക ട്രെയിനുകൾ സൗജന്യമായി ഓടിക്കാനാണ് തീരുമാനം. 


ചുഴലിക്കാറ്റ് വീശിക്കഴിഞ്ഞ് ഏറ്റവും വേഗത്തിൽ തന്നെ റെയിൽവെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ റെയിൽവെ ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജെസിബി, മരം മുറിക്കാനുള്ള യന്ത്രങ്ങൾ, തൊഴിലാളികൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാനാണ് നിർദ്ദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K