14 June, 2019 01:47:28 PM


മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു; കാണാതായ സിഐ നവാസിന്‍റെ ഭാര്യ പരാതിയുമായി രംഗത്ത്




കൊച്ചി: കാണാതായ സെന്‍ട്രല്‍ സിഐ വിഎസ് നവാസിന്‍റെ ഭാര്യ മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. മേലുദ്യോഗസ്ഥര്‍ തന്‍റെ ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തെന്നും കാണാതാവുന്നതിന് തലേന്ന് രാത്രിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.


വയര്‍ലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണര്‍ പരസ്യമായി തെറി പറഞ്ഞതില്‍ നവാസ് കടുത്ത ദുഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ചോദിക്കരുത് എന്നാണ് തന്നോട് പറഞ്ഞതെന്നും പുലര്‍ച്ചയോടെ എണീച്ച് ഹാളില്‍ പോയി ടിവി വച്ചതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ പറയുന്നു. 


ഭര്‍ത്താവിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയില്‍ നവാസിനെ വയര്‍ലെസിലൂടെ ശാസിച്ച കൊച്ചി സിറ്റി അസി. കമ്മീഷണര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. നവാസിനെ കാണാതായതിന് തലേദിവസം അസി. കമ്മീഷണറുമായി നടത്തിയ വയര്‍ലസ് സംഭാഷണത്തിന്‍റെ രേഖകള്‍ പരിശോധിക്കണമെന്നും കുറ്റക്കാരനായ അസി. കമ്മീഷണര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അസി. കമ്മീഷണറുടെ നിരന്തരപീഡനം മൂലമാണ് ഭര്‍ത്താവ് വീട് വിട്ട് പോയതെന്നും നവാസിന്‍റെ ഭാര്യ പറഞ്ഞു. 


അതേസമയം നവാസിനെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സിഐയുടെ തിരോധനം അന്വേഷിക്കുന്ന കൊച്ചി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. അദ്ദേഹം കേരളം വിട്ട് പോയിട്ടില്ല. കൊച്ചിയിലെ എടിഎമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ കയറി നവാസ് കായംകുളം ഭാഗത്തേക്ക് പോയെന്ന് വ്യക്തമായിട്ടുണ്ട്. കായംകുളത്ത് വച്ച് കണ്ട ഒപ്പം ജോലി ചെയ്ത ഒരു പൊലീസുകാരനോട് കായംകുളം കോടതിയില്‍ ഒരു കേസിന്‍റെ കാര്യത്തിനായി വന്നതാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ കായംകുളം കോടതിയില്‍ ഇന്നലെ നവാസ് എത്തിയില്ലെന്ന് വ്യക്തമായി.


പത്ത് ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറി നില്‍ക്കുമെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാളോട് നവാസ് പറ‌ഞ്ഞിരുന്നതായി സൂചനയുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണം പിന്‍വലിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പുലര്‍ച്ചെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നാണ് നവാസ് തേവര എടിഎമ്മില്‍ എത്തിയത്. ടീഷര്‍ട്ടും പാന്‍റ്സുമായിരുന്നു വേഷം. എടിഎമ്മില്‍ രണ്ടര മിനിട്ടോളം ചെലവിട്ടു. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ കയ്യിലുള്ള ഫോണിലെ വാട്‌സാപ്പില്‍ നിന്നും ആര്‍ക്കൊക്കെയോ മെസേജ് അയക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 


ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സിഐ നവാസിനോട് കയര്‍ത്ത അസിസ്റ്റന്‍റ് കമ്മിഷണറോട് അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെയാണ് സ്ഥിതി വഷളായത്. എല്ലാ പോലീസുകാരും കേള്‍ക്കെയുള്ള രൂക്ഷമായ വാക്കേറ്റത്തിന് ഒടുവില്‍ ഇരുവരും പിന്തിരിഞ്ഞുവെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ എസിയുമായി കൊമ്പുകോര്‍ത്തു. ഇതെല്ലാം ശാന്തമായ സമയത്താണ് നവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പരാതിയുമായി എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K