15 June, 2019 01:26:06 PM


കാര്‍ട്ടൂണ്‍ വിവാദം: മതചിഹ്നത്തെ അവഹേളിക്കുന്നു എന്ന് പരാതി; ലളിതകലാ അക്കാദമി യോഗം തിങ്കളാഴ്ച



തിരുവനന്തപുരം: കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ലളിതകലാ അക്കാദമിയുടെ അടിയന്തരയോഗം തിങ്കളാഴ്ച ചേരും. എക്‌സിക്യുട്ടീവും ജനറല്‍ കൗണ്‍സിലും അന്ന് ചേരുന്നുണ്ട്. അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണ്‍ ക്രിസ്ത്യന്‍ മതചിഹ്നത്തെ അവഹേളിക്കുന്നതാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലളിതകലാ അക്കാദമി അടിയന്തര യോഗം ചേരുന്നത്.


സുഭാഷ് കെ.കെയുടെ 'വിശ്വാസം രക്ഷതിഃ' എന്ന കാര്‍ട്ടൂണായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രധാന കഥാപാത്രമായ കാര്‍ട്ടൂണിന്‍റെ കൈവശമിരിക്കുന്ന അംശവടിയെ മതചിഹ്നത്തെ അവഹേളിക്കുന്ന വിധത്തില്‍ വരച്ചുവെന്നാണ് ആക്ഷേപം ഉയരുന്നത്.


എന്നാല്‍ മത്സരത്തിന് വേണ്ടി അക്കാദമിക്ക് അയച്ച കാര്‍ട്ടൂണില്‍ ഒരു മതചിഹ്നവും താന്‍ വരച്ചുചേര്‍ത്തിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കെ.കെ ഇന്നലെ മറുപടി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയിലുള്ള മതചിഹ്‌നങ്ങള്‍ ചേര്‍ത്ത് ഒരു കാര്‍ട്ടൂണ്‍ താന്‍ അക്കാദമിക്ക് അയച്ചിട്ടില്ലെന്നും മറിച്ച് പ്രചരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും സുഭാഷ് കല്ലൂര്‍ എന്ന പേരിലുള്ള തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K