15 June, 2019 03:32:23 PM


കൊട്ടാരക്കരയ്ക്കടുത്ത് റെഡിമിക്സ് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വന്‍ അഗ്നിബാധ



- ഷാനവാസ് കൊല്ലം

കൊല്ലം: കൊട്ടാരക്കര വയ്ക്കലിനും പൊലിക്കോടിനും ഇടയ്ക്ക് കോണ്‍ക്രീറ്റ് റെഡിമിക്സ് വാഹനവും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് വന്‍ അഗ്നിബാധ. ബസ്സിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പൊള്ളലേറ്റു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാളകത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളതായാണ് പ്രാഥമിക വിവരം. ആരുടെയും നില ഗുരുതരമല്ല. 



2.45 മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു.റോഡ് പണിക്കായി കൊണ്ടുവന്ന റെഡിമിക്സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഈ പ്രദേശത്ത് റോഡിന്‍റെ പണി നടക്കുന്നുണ്ട്. ഇതിന്‍റെ ആവശ്യത്തിനായി റെഡിമിക്സുമായി വാഹനം അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങിയതാണ് കെഎസ്ആർടിസി ബസുമായി ഇടിക്കാൻ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. 


പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളോട് നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K