16 June, 2019 02:41:14 PM


രണ്ടില രണ്ടായി: ജോസഫിനെ തള്ളി ജോസ് കെ മാണി ചെയർമാനായി; കേരളാ കോൺഗ്രസ് (എം) പിളർന്നു



കോട്ടയം: വളരുന്തോറും പിളരും, പിളരുംതോറും വളരും എന്ന കെ.എം.മാണിയുടെ വാക്കുകൾ വീണ്ടും പ്രാവർത്തികമായി. ജോസ് കെ മാണി വിഭാഗം ഇന്ന് കോട്ടയത്ത് വിളിച്ചു ചേർത്ത യോഗത്തോടെയാണ് കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് എത്തിയത്. കെ.എം.മാണി അനുസ്മരണത്തിനു ശേഷം യോഗം ജോസ് കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു.


കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് ഹാളില്‍ നടന്ന സമാന്തര സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ജോസ് കെ. മാണിയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇ.ജെ അഗസ്തി ജോസ് കെ. മാണിയുടെ പേര് നിര്‍ദ്ദേശിച്ചു. മുന്‍ എം.എല്‍.എ തോമസ് ജോസഫ് പിന്താങ്ങി. എട്ട് ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന സമിതി അംഗങ്ങളുമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ജോസ് കെ. മാണിയെ പിന്താങ്ങി.


പി.ജെ. ജോസഫിന്റെ നീക്കങ്ങളാണ് ഇനി നിര്‍ണായകമാവുക. ജോസ് കെ. മാണി വിഭാഗം വിളിച്ച സമാന്തര യോഗം നിയമവിരുദ്ധമാണെന്ന് പി.ജെ ജോസഫ് രാവിലെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം കത്ത് നല്‍കിയിട്ടും ജോസഫ് വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് ജോസ് കെ. മാണി ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ചത്.


അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുന്‍ എം.പി ജോയ് ഏബ്രഹാമും മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും യോഗത്തിന് എത്തിയിട്ടില്ല. പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന ആറ് ജില്ലാ പ്രസിഡന്റുമാരും യോഗത്തിന് എത്തിയില്ല. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി പിടിവലി തുടങ്ങിയതോടെയാണ് കേരള കോണ്‍ഗ്രസ് അനിവാര്യമായ മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങിയത്.


പാര്‍ട്ടി രണ്ട് വഴിക്ക് ആയതോടെ സംസ്ഥാന കമ്മറ്റി ഓഫീസിനായും ജില്ലാ കമ്മറ്റി ഓഫീസുകള്‍ക്കായുമുള്ള നിയമപേരാട്ടത്തിലേക്കും വരും ദിവസങ്ങളില്‍ നീങ്ങും. 2010ലാണ് പി.ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് (എം)-ല്‍ എത്തിയത്. പാര്‍ട്ടികള്‍ ഒന്നായെങ്കിലും പല വിഷയങ്ങളിലും ഭിന്നത രൂക്ഷമായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K