17 June, 2019 10:36:35 AM


പാലാരിവട്ടം പാലം; പരിശോധനയില്‍ 'ഒന്നും പറയാനില്ല' എന്നു പറഞ്ഞ് ഇ.ശ്രീധരന്‍റെ മടക്കം



കൊച്ചി: നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ കൊച്ചി പാലാരിവട്ടം പാലത്തില്‍ ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. പരിശോധനയെക്കുറിച്ച് 'ഒന്നും പറയാനില്ല' എന്നു പറഞ്ഞായിരുന്നു ഇ.ശ്രീധരന്‍റെ മടക്കം.  രാവിലെ എട്ടു മണിയോടെ പാലത്തിന്റെ അടിയിൽ നിന്ന് ആരംഭിച്ച പരിശോധന, സാംപിളുകൾ ശേഖരിച്ചും വിദഗ്ധരുമായി സംവദിച്ചും ഒന്നര മണിക്കൂറോളം തുടര്‍ന്നു. ശ്രീധരന്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം നല്‍കുന്ന പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ചു നീക്കണോ അതോ നിലനിര്‍ത്തണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കൂ.


ഇ. ശ്രീധരനു പുറമെ കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. മഹേഷ് ടണ്ടന്‍, ചെന്നൈ ഐഐടിയിലെ അളകസുന്ദരം എന്നിവര്‍ വിദഗ്ധ സംഘത്തിലുണ്ട്. പാലം നിര്‍മ്മാണത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ചെന്നൈ ഐഐടി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് പാലം പൊളിച്ചു നീക്കണോ അതോ അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


കോണ്‍ക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇ.ശ്രീധരന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പാലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പാലത്തിന്‍റെ കൂടുതല്‍ സാംപിളുകള്‍ വിശദമായി പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക. അതേസമയം പാലത്തിന്‍റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K