17 June, 2019 04:35:11 PM


ജോസ് കെ മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു



തൊടുപുഴ:  ജോസ് കെ മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് സ്റ്റേ. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോൺഗ്രസി (എം)ന്‍റെ സംസ്ഥാന സമിതിയോഗം ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഞായറാഴ്ച ചേര്‍ന്നിരുന്നു. ഈ യോഗമാണ് ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്.


ചെയർമാന്‍റെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ചെയർമാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനും അധികാരം ഇല്ല. അച്ചടക്ക നടപടി പോലുള്ള പാര്‍ട്ടി നടപടികൾ  എടുക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചെയർമാന്‍റെ ഓഫീസ് കൈകാര്യം ചെയ്യാനും കോടതി ഉത്തരവ് അനുസരിച്ച് ജോസ് കെ മാണിക്ക് വിലക്കുണ്ട്.  ചെയർമാന്‍റെ അധികാരങ്ങളൊന്നും പ്രയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.


ജൂലൈ 17 വരെ ഒരുമാസത്തേക്കാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K