17 June, 2019 09:06:34 PM


കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം നഗരസഭാ അസി. എഞ്ചിനീയർ വിജിലൻസ് പിടിയിലായി




കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി. എൻജിനീയറിംഗ് വിഭാഗം അസി. എഞ്ചിനീയർ എം.പി ഡെയ്‌സിയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇവർക്കെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ കോട്ടയം നഗരസഭാ മന്ദിരത്തിലെ അസി. എഞ്ചിനീയറുടെ ഓഫീസിൽ വച്ചായിരുന്നു സംഭവം.

വിജിലൻസ് അയച്ച പരാതിക്കാരനിൽ നിന്നും നോട്ട് കയ്യിൽ വാങ്ങാതിരുന്ന ഡെയ്‌സി, കൈക്കൂലിയായി കൊണ്ടുവന്ന നോട്ടുകൾ മേശയിൽ ഇടാൻ ആവശ്യപ്പെട്ടു. ബ്യൂഫിനോഫ്തലിൻ പൗഡർ കയ്യിൽ പറ്റാതിരുന്നതിനാൽ, സാങ്കേതികമായി ഇവർ കൈക്കൂലി വാങ്ങിയത് തെളിയിക്കാൻ വിജിലൻസിന് സാധിച്ചില്ല. തുടർന്ന് ഇവരുടെ പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. 

കഴിഞ്ഞ ഏപ്രിൽ മാസം ചാലുകുന്ന് സ്വദേശിയായ സ്ഥലം ഉടമയാണ് പരാതിയുമായി ഡെയ്‌സിയുടെ അടുത്ത് എത്തിയത്. തന്റെ സ്ഥലത്തിനു നേരെ അയൽവാസി വഴി ഉയർത്തിക്കെട്ടിയതായി കാട്ടിയായിരുന്നു ഇയാളുടെ പരാതി. തുടർന്ന് ഡെയ്‌സി പരാതിക്കാരനോട് നടപടിയെടുക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇടയ്ക്കിടെ സ്ഥലം പരിശോധിക്കാനെന്ന പേരിൽ എത്തിയ ഡെയ്‌സി പരാതിക്കാരനിൽ നിന്നും നേരത്തെ കൈക്കൂലി വാങ്ങിയിരുന്നു.

വീണ്ടും ഡെയ്‌സി വിളിക്കുകയും, അയ്യായിരം രൂപ കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരനായ സ്ഥലം ഉടമ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനെ സമീപിച്ചു. വിജിലൻസ് എസ്.പിയുടെ നിർദേശാനുസരണം ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്‍റെയും, സി.ഐമാരായ എ.ജെ തോമസിന്‍റെയും, റിജോ പി.ജോസഫിന്‍റിയും വി.എ നിഷാദ്മോന്‍റെയും നേതൃത്വത്തിൽ പരാതിക്കാരനുമായി സംസാരിച്ച് പരാതിയുടെ വിശദാംശങ്ങൾ സ്വീകരിച്ചു. തുടർന്ന് ബ്ലൂഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് പരാതിക്കാരന്‍റെ കൈവശം കൊടുത്തു വിടുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ നഗരസഭ ഓഫിസിൽ എത്തിയ പരാതിക്കാരൻ ഡെയ്‌സിയ്ക്ക് പണം നൽകി. എന്നാൽ, കയ്യിൽ പണം വാങ്ങാൻ തയ്യാറാകാതിരുന്ന ഇവർ മേശയിലേയ്ക്കാണ് പണം ഇടുവിച്ചത്. തുടർന്ന് വിജിലൻസ് സംഘം പിന്നാലെ കയറി ഇവരെ പിടികൂടി. ഇവരുടെ കയ്യിൽ നിന്നും വിജിലൻസ് സംഘം പരാതിക്കാരന് നൽകിയ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഗസറ്റഡ് ഓഫിസർമാരായ സ്റ്റേറ്റ് ടാക്‌സ് ഓഫിസർ ബിജുകുമാർ, ജില്ലാ ഉപവിദ്യാഭ്യാസ ഓഫിസിലെ  സീനിയർ സൂപ്രണ്ട് സുനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡെയ്‌സിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K