18 June, 2019 07:13:06 AM


ഓഫീസ് കയ്യടക്കി ചെയര്‍മാന്‍ എന്ന ബോര്‍ഡും വെച്ചു: ഇനി സ്റ്റേ മാറ്റണം; ജോസ് കെ മാണി കോടതിയിലേക്ക്



കോട്ടയം: ഓഫീസ് കയ്യടക്കി ബോര്‍ഡും വെച്ച പിന്നാലെ ചെയർമാനായി പ്രവർത്തിക്കുന്നതിനുള്ള സ്റ്റേ മാറ്റാൻ ജോസ് കെ മാണി വിഭാഗം മിക്കവാറും ഇന്ന് തന്നെ കോടതിയെ സമീപിക്കും. കേരള കോൺഗ്രസ് (എം) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. അതിനാൽ കോടതിയിൽ നിന്ന് അനുകൂലനിലപാട് എത്രയും വേഗമുണ്ടാക്കാനാണ് ഇവരുടെ ശ്രമം.


ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കമുണ്ടെങ്കിൽ ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും  കോടതി കയറിയ സാഹചര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. മധ്യസ്ഥചർച്ചകൾക്കായി തിരുവനന്തപുരത്തേക്ക് പൊകാനിരുന്ന ജോസ് കെ മാണി കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ യാത്ര റദ്ദാക്കിയിരുന്നു. സി എഫ് തോമസും ഉണ്ണിയാടനും പി ജെ ജോസഫിനൊപ്പം ചേർന്നെങ്കിലും തങ്ങൾ ദുർബലമായിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം.


തർക്കം നിൽക്കുമ്പോഴും നിയമസഭയിൽ പി ജെ ജോസഫിനെ നേതാവായി അംഗീകരിച്ച് പോകാനാണ് എതിർവിഭാഗത്തിന്‍റെ തീരുമാനം. എന്നാൽ കരുനീക്കങ്ങളിൽ ഇതുവരെ വിജയിച്ച പി ജെ ജോസഫിന്‍റെ അടുത്ത ചുവട് വളരെ ശ്രദ്ധയോടെ ആയിരിക്കും. കോടതി സ്റ്റേ ചെയ്തതോടെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് അസാധുവായെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ വിലയിരുത്തൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K