19 June, 2019 03:36:21 PM


ഓട്ടോ പൈലറ്റ് മോഡിലിട്ട് 15 കാരിയെ വിമാനത്തില്‍ പീഡിപ്പിച്ചു; കോടീശ്വരനായ വ്യാപാരിയ്ക്ക് ഏഴ് വര്‍ഷം തടവ്




ന്യൂ ജഴ്‍സി: പതിനഞ്ച്കാരിയായ സ്‍കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ വിമാനത്തില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് ഏഴ് വര്‍ഷം തടവ്. ന്യൂ ജഴ്‍സി സ്വദേശി സ്റ്റീഫന്‍ ബ്രാഡ്‍ലി മെല്‍ എന്ന 53 കാരനായ കോടീശ്വരനെയാണ് ഫെഡറല്‍ കോടതി ശിക്ഷിച്ചത്. സംഭവത്തില്‍ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയ ഇയാള്‍ക്ക് തടവിനു പുറമേ പിഴ അടക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.  


2017ലാണ് കേസിന് ആസ്‍പദമായ സംഭവം. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്‍സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയായായിരുന്നു ഇയാള്‍ ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം.

 

പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തി. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ബ്രാഡ്‍ലി മെല്‍.  ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമകൂടിയാണ് ഇയാള്‍. 




Share this News Now:
  • Google+
Like(s): 150