20 June, 2019 01:11:40 PM


ചെന്നൈയില്‍ വന്‍ പ്രതിസന്ധി: ഭൂഗർഭ ജലവും കുറയുന്നു; ട്രയിനില്‍ വെള്ളമെത്തിക്കാൻ സാധ്യത തേടി സർക്കാർ




ചെന്നൈ: ചെന്നൈയിൽ മഴ ലഭിച്ചിട്ടു 195 ദിവസമായി. ഇതോടെ കുടിവെള്ള പ്രതിസന്ധി അതിരൂക്ഷമാണ് ഇവിടെ. ജനങ്ങൾ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ഭൂഗർഭ ജലനിരപ്പ് വൻ തോതിൽ കുറയുകയാണ്, ജല സ്രോതസ്സുകൾ വറ്റിവരണ്ടു. ചൂടും ചെന്നൈയെ വലയ്ക്കുകയാണ്. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ചെന്നൈയിൽ. ചെന്നൈയിൽ ശുദ്ധജലത്തിന് ആശ്രയിക്കുന്ന 4 തടാകങ്ങൾ വറ്റിവരണ്ടു. നഗരത്തിലെ പകുതിയിലധികം കുഴൽക്കിണറുകളിലും വെള്ളം വറ്റിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതു മൂലം സർക്കാരിന്റെ ജല വിതരണത്തിൽ 40% കുറവു വരുത്തുകയും ചെയ്തു. സ്വകാര്യ ടാങ്കർ ലോറികൾ നാലിരട്ടിയിലേറെ തുക ഈടാക്കുന്നു.

സ്‌കൂളുകളിൽ കുട്ടികളെത്തുന്നത് പുസ്തകങ്ങളുമായി അല്ല. ഇവിടെ വലിയ പാത്രങ്ങളുമായെത്തുന്ന കുട്ടികൾ വെള്ളം ശേഖരിച്ചു വീടുകളിലേക്കു മടങ്ങുന്നു. ചെന്നൈയിലെ പതിവ് കാഴ്ചയാണ് ഇത്. തു വരൾച്ചയുടെ രൂക്ഷത വ്യക്തമാക്കുന്നു. വെള്ളത്തിനു തീവിലയാണ് ഇവിടെ. 12000 ലീറ്റർ വെള്ളത്തിനു 1200 രൂപയായിരുന്നത് ഇപ്പോൾ 7000 രൂപ വരെ ഈടാക്കുന്നു. ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ മാറിത്താമസിക്കാൻ തുടങ്ങി. വെള്ളം ഉള്ള സ്ഥലങ്ങളിൽ വാടക ഇരട്ടിയായി. ഓഫീസുകളും പ്രതിസന്ധിയിലാണ്. ഓഫിസിൽ വരേണ്ടെന്നും വീട്ടിലിരുന്നു ജോലി ചെയ്യാനും ഐടി കമ്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. നഗരത്തിലെ സ്‌കൂളുകളിൽ ചിലതു പ്രവൃത്തി സമയം വെട്ടിക്കുറച്ചു.

ചൂടും ജലക്ഷാമവും രൂക്ഷമായതോടെ ചെന്നൈ നഗരത്തിൽ നിന്നും പലായനത്തിന്റെ വക്കിലാണ് ജനങ്ങൾ. ചെന്നൈയുടെയും പരിസര ജില്ലകളിലേയും അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതൽ. രാവിലെ മുതൽ വൈകീട്ടുവരെ കന്നാസുകൾ, കുടങ്ങൾ എന്നിവയുമായി നഗരവാസികൾ വെള്ളത്തിനായി ബൈക്കുകളിലും സൈക്കിളുകളിലും ചീറിപ്പായുന്നതാണ് അവസ്ഥ. കുഴൽക്കിണറുകൾക്കുമുന്നിൽ നീണ്ടനിര. ടാങ്കർ ലോറിയിൽ വെള്ളമെത്തിയാൽ ഉന്തുംതള്ളും. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ തടാകങ്ങൾ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി.

നെമ്മേലി, മിഞ്ചൂർ എന്നിവിടങ്ങളിലെ കടൽവെള്ളശുദ്ധീകരണകേന്ദ്രങ്ങളിൽനിന്നുള്ള 200 ദശലക്ഷം ലിറ്റർ വെള്ളവും കടലൂർ ജില്ലയിലെ വീരാനം തടാകത്തിൽനിന്നുള്ള 150 ദശലക്ഷം ലിറ്റർ വെള്ളവുമാണു നഗരത്തിൽ ഒന്നിടവിട്ടദിവസങ്ങളിൽ വിതരണംചെയ്യുന്നത്. 800 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന് ഒരു ദിവസം ആവശ്യം. എന്നാൽ വാട്ടർ അഥോറിറ്റി 525 ദശലക്ഷം ലിറ്റർ മാത്രമാണ് നൽകുന്നത്.

മൂന്നു നേരം പ്രവർത്തിച്ചിരുന്ന പല ഹോട്ടലുകളും രണ്ടു നേരമാക്കി. പാത്രം കഴുകുന്നത് ഒഴിവാക്കാൻ ഡിസ്‌പോസിബിൾ പ്ലേറ്റിലേക്കു മാറി. സർക്കാർ ആശുപത്രികളിൽ പോലും വെള്ളമില്ല. പ്രമുഖ ആശുപത്രികളിലെ പൊതു ശുചിമുറികൾ പൂട്ടി. തുടർച്ചയായ ഏഴാം ദിവസവും 40 ഡിഗ്രിക്ക് മുകളിലാണ് ചെന്നൈയിലെ താപനില.ഒരാഴ്‌ച്ചയ്ക്കുള്ളിൽ മഴ എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് പ്രതീക്ഷ. അതിനിടെ ജലക്ഷാമം രൂക്ഷമായതിനാൽ ചെന്നൈയിലെ നിരവധി ഹോട്ടലുകളും ഐടി കമ്പനികളും പൂട്ടിയെന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. കുടിവെള്ള ക്ഷാമം നേരിടാൻ മേഖലകൾ തിരിച്ച് ജലവിതരണം കാര്യക്ഷമമാക്കാനും സർക്കാർ തീരുമാനിച്ചു.

സ്വകാര്യ ടാങ്കറുകൾ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മേഖലകൾ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നുണ്ട്. ഒരാഴ്‌ച്ചയ്ക്കുള്ളിൽ കിഴക്കുപടിഞ്ഞാറൻ മൺസൂൺ ചെന്നൈയിലേക്ക് എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ. അതേസമയം അടുത്ത രണ്ട് ദിവസങ്ങളിൽ ചെന്നൈയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് പ്രവചനം. വടക്കൻ തമിഴ്‌നാട്ടിൽ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ അമിത താപത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.

വരൾച്ച നേരിടാൻ സർക്കാർ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്നും ജല സംരക്ഷണത്തിന് മാർഗങ്ങൾ സ്വീകരിക്കാത്തത് വീഴ്ചയായെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ജലക്ഷാമം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വരൾച്ച രൂക്ഷമായതോടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാൻ തമിഴ്‌നാട് സർക്കാർ ശ്രമം തുടങ്ങി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന.

അതേസമയം ജലക്ഷാമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടന്ന് ആരോപിച്ച് ഡിഎംകെ മറ്റന്നാൾ തമിഴ്‌നാട്ടിൽ ഉടനീളം പ്രതിഷേധിക്കും. രണ്ട് ദിവസത്തിനകം മഴയുണ്ടായില്ലെങ്കിൽ കേരളത്തിൽ നിന്ന് ഉൾപ്പടെ വെള്ളത്തിനായി സഹായം തേടാനാണ് തമിഴ്‌നാട് സർക്കാർ തീരുമാനം. വെള്ളം എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് സർക്കാർ റെയിൽവേയോട് അഭ്യർത്ഥിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K