20 June, 2019 02:00:24 PM


അരുണാചലില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി



ഇറ്റാനഗര്‍: അരുണാചലിലെ ലിപോ മലഞ്ചരിവില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരുടേയും മൃതശരീരങ്ങൾ കണ്ടെത്തി. മൂന്ന് മലയാളികളുൾപ്പെടെ 13 പേരാണ് അപകടത്തിൽപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം നടന്ന തെരച്ചില്‍  കനത്ത മഴയും മൂടല്‍ മഞ്ഞും മൂലം ദുഷ്കരമായിരുന്നു. 

അപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന്  വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ വ്യക്തമാക്കി. ഈ മാസം മൂന്നിനാണ് അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാ മധ്യേ എഎന്‍ 32 വിമാനം തകര്‍ന്നുവീണത്. 

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ  ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മലയാളികള്‍. എട്ടുദിവസത്തെ തെരച്ചിനൊടുവിലായിരുന്നു വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന്  20 കിലോമീറ്റര്‍ മാറിയായിരുന്നു വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K