22 March, 2016 07:04:41 AM


കേരളത്തിൽ രാഷ്ട്രീയ വാസക്ടമിക്ക് കാലമായി ; വേലി ചാടുന്നവരെ സ്വീകരിക്കണോ ?

'കേരളത്തിലെ മുന്നണികളെല്ലാം തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.. ആദ്യം സീറ്റുകളുടെ വീതം വയ്പ്പാണ് .. അത് ഇതുവരെ തീർന്നിട്ടില്ല. ഓരോ പാർട്ടിയുടെയും വീതം നൽകിക്കഴിഞ്ഞാണ് സ്ഥാനാർഥികളെ നിശ്ചയിക്കൽ.. അതും അത്ര എളുപ്പമല്ല. ആഗ്രഹക്കാർ ഓരോ പാർട്ടിയിലും കുറച്ചൊന്നുമല്ല.
സീറ്റുകൾ പല പാർട്ടിക്കാർക്കും കൂടുതൽ വേണമെന്നാണ്..ചിലർക്ക് മണ്ഡലം മാറുന്നതാണ് ആവശ്യം.

ഐക്യ ജനാധിപത്യ മുന്നണിയിൽ പരിഹരിക്കാവുന്ന തർക്കങ്ങളേയുള്ളൂ. മാണി ഗ്രൂപ്പും സി എം പിയും ജനതാദളും കൂടുതൽ സീറ്റ് ചോദിച്ചു തർക്കിക്കുന്നത് ഉള്ള സീറ്റ് പോകാതിരിക്കാനുള്ള പ്രതിരോധ നടപടിയായി കണ്ടാൽ മതി. പിളർന്നുപോയ  സി എം പി  ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. വീരനു രാജ്യസഭാ സീറ്റു കിട്ടിയതിനാൽ  ജനതാദൾ  ബലം പിടിക്കില്ല.

ബി ജെ പി മുന്നണിയിൽ പ്രശ്നമേ ഇല്ല.. കാരണം പ്രമുഖരെല്ലാം മത്സരിക്കുന്നുണ്ട്. അവരുടെ മണ്ഡലങ്ങളും  ഏതാണ്ട് ഉറപ്പായി.. പിന്നെയും ബാക്കി കിടക്കുന്നു സീറ്റുകൾ. മുപ്പത്തിയേഴ് സീറ്റുകൾ ബി ഡി  ജെ എസ്സിന് പോയാൽ പിന്നെയുള്ളതെല്ലാം മുന്നണിയിൽ ചെറുകിടക്കാർ.. സീറ്റ് കൊടുത്താൽ പോലും മത്സരിക്കാൻ താൽപ്പര്യമില്ലാത്തവർ / കഴിവില്ലാത്തവർ. 

എന്നാൽ ഇടതുപക്ഷമുന്നണിക്ക് ചില പ്രശ്നങ്ങളുണ്ട്. മുന്നണിയിൽ ഇല്ലാതിരുന്ന ചിലർക്ക് സീറ്റ് കൊടുക്കേണ്ടി വരുന്നു. സി എം പി അരവിന്ദാക്ഷൻ വിഭാഗം, കോവൂർ കുഞ്ഞുമോൻ, പി സി ജോർജ്ജ്, ഗണേഷ് കുമാർ തുടങ്ങി ആന്റണി രാജു, ഡോ. കെ സി ജോസഫ്‌, ഫ്രാൻസിസ് ജോർജ്ജ് ചിലപ്പോൾ പി സി ജോസഫ്‌ എന്നിവർക്ക് സീറ്റുകൾ കൊടുത്തേ പറ്റൂ.. കൂടാതെ  മറ്റു പാർട്ടികളിലെ  വിമതരെയും പരിഗണിക്കേണ്ടിവരും! ഇത്രയും സീറ്റ്  എവിടെ നിന്നു കൊടുക്കും. ഒരു സീറ്റുപോലും  സി പി ഐ കൊടുക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല പ്രതിരോധമെന്ന നിലയിൽ രണ്ടു സീറ്റു കൂടുതൽ ചോദിച്ചിട്ടുമുണ്ട്! അപ്പോൾ പിന്നെ സി പി എമ്മിന്റെ കണക്കിൽ നിന്നു ഇതെല്ലാം കൊടുക്കേണ്ടിവരും. അപ്പോൾ സി പി എം സീറ്റുകൾ കുറയും. അങ്ങനെ കുറഞ്ഞാലും  ഒരു പ്രശ്നമുണ്ട്.. കെ പി  എ സി ലളിത (മത്സരിക്കുന്നില്ലെന്ന് പറഞ്ഞു), വീണാജോർജ്ജ് , മുകേഷ് തുടങ്ങിയ അതിഥികളെ തീരുമാനിച്ചു കഴിഞ്ഞാൽ മത്സരിക്കുന്ന പാർട്ടിക്കാരുടെ എണ്ണം കുറയും.
പാർട്ടികളുടെയും വ്യക്തികളുടെയും എണ്ണ ക്കൂടുതൽ കൊണ്ടു പൊറുതിമുട്ടുന്നതു സി പി ഐ എം തന്നെയാണ്.

കേരളത്തിൽ പന്നി പ്രസവം പോലെ പാർട്ടികൾ ഉണ്ടാവുന്നത് ഒരു രാഷ്ട്രീയ വാസക്ടമിക്ക് പ്രസക്തി വർദ്ധിപ്പിക്കുന്നു. വാസ്തവത്തിൽ ഇപ്പോൾ നല്ല സമയമാണ്. ഇരുമുന്നണികളിലാണെങ്കിലും കൊണ്ഗ്രസ്സും സി പി ഐ എമ്മുമായി ചില ധാരണകളൊക്കെ ഉണ്ടെന്നാണ് കേൾക്കുന്നത് . ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ നേരിടാൻ എസ് എഫ് ഐ , ഡി വൈ എഫ് ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ അംഗങ്ങളെയാണ് നിർത്തുന്നത് ( പണ്ടു നായനാരെ കടന്നപ്പള്ളി തോൽപ്പിച്ചത് മറന്നിട്ടല്ല, പക്ഷേ ആ നായനാരല്ല  ഉമ്മൻ ചാണ്ടി! ആളും സാഹചര്യവും വേറെയാണ്). ഇതാണ്  ഇവരുടെ രഹസ്യധാരണയെന്ന് പറയുന്നത്.

ഇപ്പോൾ ഈ രണ്ടു പ്രമുഖ പാർട്ടികളും തമ്മിൽ  ഒരു ധാരണയിലെത്തുക. പുതുതായി ഒരാൾക്കും സീറ്റു കൊടുക്കരുത്. മുന്നണിയിലേക്ക് പാർട്ടികൾക്ക് സ്വാഗതം.. മുന്നണിയിൽ വന്നു അഞ്ചു വർഷം അടങ്ങിയൊതുങ്ങി നല്ലപിള്ളയായാൽ മാത്രം അടുത്ത തെരഞ്ഞെടുപ്പിൽ പരിഗണിക്കുക. അതു കേൾക്കാതെ സ്വന്തം നിലയിൽ മത്സരിച്ചാൽ ഇക്കൂട്ടർ തെരഞ്ഞെടുപ്പു ഭൂപടത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞു പൊക്കോളും..

അതുകൊണ്ടുതന്നെ വേലി ചാടി നടക്കുന്നവരെ സ്വീകരിക്കില്ല  എന്നൊരു ഐതിഹാസികമായ തീരുമാനത്തിലേക്ക്  എൽ  ഡി എഫും യു ഡി എഫും  എത്തുന്ന കാലം  കേരള ജനത കാത്തിരിക്കുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K