21 June, 2019 03:07:29 PM


ബിനോയ് കോടിയേരി മുംബൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ലുക്ക് ഔട്ട് നോട്ടീസിന് ഒരുങ്ങി പോലീസും




മുംബൈ: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയും വഞ്ചിക്കുകയും ചെയ്തുവെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിലാണ് അപേക്ഷ നല്‍കിയത്. മൂന്നര മണിയോടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.


സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ്‌ക്കെതിരെ ഈ മാസം 13നാണ് യുവതി ഓഷിവാര പോലീസിന് പരാതി നല്‍കിയത്. പിറ്റേന്ന് തന്നെ പോലീസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഓഷിവാര പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണുര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തുകയും ബിനോയിയുടെ വീട്ടില്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.


അതിനിടെ, ബിനോയ് രാജ്യം വിട്ടുവെന്നും പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസംവരെ ബിനോയ് കേരളത്തിലുണ്ടായിരുന്നുവെന്നാണ് മുംബൈ പോലീസ് നല്‍കുന്ന വിവരം. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഒരുങ്ങുകയാണ് പോലീസ്. ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. പരാതിക്കാരി നല്‍കിയ വിലാസത്തില്‍ എകെജി സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതിനാണ് പോലീസ് തയ്യാറെടുക്കുന്നത്. ഇതിനിടെ ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇന്ന് പുറത്തിറക്കും.


കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ പോലീസ് തലശ്ശേരിയിലേയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലേയും വീട്ടിലെത്തിയെങ്കിലും പൂട്ടികിടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലാവുകയാണ്. അന്വേഷണ സംഘം കോടിയേരി ബാലകൃഷ്ണനേയും ഭാര്യയേയും വീണ്ടും കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K