22 June, 2019 07:51:56 PM


തടസം നീങ്ങി; മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസില്‍ പേരൂര്‍ ഭാഗത്ത് മുടങ്ങിയ പണികള്‍ ആരംഭിച്ചു



✍ എം.പി.തോമസ്


കോട്ടയം: സ്ഥലമെടുപ്പിനുള്ള തടസം നീങ്ങിയതോടെ മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസില്‍ മുടങ്ങി കിടന്ന പണികള്‍ പുനരാരംഭിച്ചു. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പാറകണ്ടത്ത് പാലാ റോഡ് വരെ റോഡിന്റെ പണി തീര്‍ന്നുവെങ്കിലും പേരൂര്‍ പോസ്റ്റ് ഓഫീസിനും വെച്ചൂര്‍ കവലയ്ക്കും ഇടയ്ക്കുള്ള ഭാഗം പൂര്‍ത്തിയാക്കാനാവാതെ കിടക്കുകയായിരുന്നു. മഴക്കാലമായതോടെ ഈ വഴി വാഹന ഗതാഗതം അസഹ്യമായത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരാനിടയാക്കിയിരുന്നു.


ചാലയ്ക്കല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്‍വശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം സമയബന്ധിതമായി വിട്ടുകിട്ടാത്തതായിരുന്നു റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതിനു കാരണം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കി 2016 ജനുവരിയില്‍ നടപ്പിലാക്കിയ പുതിയ ആക്ട് അനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പത്ത് സെന്റോളം വരുന്ന ഭൂമി ഏറ്റെടുക്കേണ്ടത്. ഈ ഭാഗം ഒഴികെ റോഡിന്റെ ബാക്കി പണികള്‍ പൊതുമരാമത്ത് വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. കരാര്‍ കാലാവധിക്കുമുമ്പ് റോഡിന്റെ ബാക്കി പണികള്‍ അവസാനിച്ചിരുന്നു. കരാര്‍കാരന്‍ ബില്ല് ഹാജരാക്കും മുമ്പ് പേരൂര്‍ ഭാഗത്തെ ശോചനീയവാസ്ഥ പരിഹരിക്കാനായില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസിലാക്കിയ അധികൃതര്‍ സ്ഥലമുടമയുമായി സംസാരിച്ചതാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സാധ്യത തെളിഞ്ഞത്.


ജില്ലാ കളക്ടറുമായും പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി സ്ഥലമുടമ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഭൂമിയുടെ വില ലഭ്യമാക്കാമെന്ന് ലഭിച്ച ഉറപ്പിന്‍മേലാണ് സ്ഥലം വിട്ടുകൊടുത്തത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയാണ് ബൈപാസ് പണിതീരേണ്ടത്. എന്നാല്‍ പേരൂരിലേതിന് സമാനമായ രീതിയില്‍ ഏറ്റുമാനൂര്‍ വില്ലേജിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് രണ്ട് സ്വകാര്യവ്യക്തികളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ആക്ട് അനുസരിച്ച് തന്നെ സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനും കേസ് നല്‍കിയിരുന്നത്. ഇതോടെ പട്ടിത്താനത്ത് അവസാനിക്കേണ്ട ബൈപാസ് ഏറ്റുമാനൂര്‍ ടൗണിലെത്തി അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു.


പുതിയ ആക്റ്റ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പഴയതിലും കൂടുതല്‍ വില ഉടമസ്ഥര്‍ക്ക് കിട്ടും. ഇതനുസരിച്ച് തര്‍ക്കം നിലനിന്ന സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഈ കൂട്ടത്തിലായിരുന്നു പേരൂരിലെ സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും നടന്നത്. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ കൂടി ഇടപെട്ടാണ് സ്ഥലം ഏറ്റെടുക്കല്‍ ധൃതഗതിയിലാക്കിയത്.


രണ്ടു ഘട്ടങ്ങളായാണ് മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള പണികള്‍ നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുടങ്ങികിടന്ന പണികള്‍ അടുത്തയിടെയാണ് ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. ഇനി മൂന്നാം ഘട്ടമായി 1.790 കിലോമീറ്റര്‍ ദൂരമാണ് നിര്‍മ്മാണം നടക്കേണ്ടത്. പാലാ റോഡില്‍ നിന്നും മാറാവേലി തോടിനരികിലൂടെ പട്ടിത്താനം റൗണ്ടാനയില്‍ അവസാനിക്കുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K