26 June, 2019 07:09:55 PM


വനിതാ എഞ്ചിനീയർമാരെ അധിക്ഷേപിച്ച് ജോലി തടസപ്പെടുത്തിയ സംഭവത്തിൽ കർശന നടപടി - മന്ത്രി സുധാകരൻ




തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പുനലൂരിലെ നിരത്തുവിഭാഗത്തിലെ എഞ്ചിനീയർമാരുടെ ജോലി തടസപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി സുധാകരൻ. അസി. എക്സിക്യൂട്ടീവ് എന്‍ജിനീയർ ജലജ, അസി. എന്‍ജിനീയർ ഭാമ ജയകുമാർ എന്നീ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമത്തിന് ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, ജാതി പറഞ്ഞ് ആക്ഷേപിക്കുകയും, ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കണമെന്നും നിര്‍ഭയമായി ജോലിചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും പോലീസ് വകുപ്പ് മേധാവിയോട് അദ്ദേഹം നിർദ്ദേശിച്ചു.

പുനലൂര്‍ നിരത്തു ഉപവിഭാഗത്തിന് കീഴില്‍ നടന്നുവരുന്ന കിഫ്ബി പ്രവൃത്തിയായ  മെതുവിന്‍മേല്‍ - കുന്നിക്കോട് - തടിക്കാട് - പൊലിക്കോട് റോഡിന്‍റെ പ്രവൃത്തികളാണ് ചില സാമൂഹ്യ ദ്രോഹികള്‍ സ്ഥിരമായി തടസ്സപ്പെടുത്തുന്നത്. റോഡ് വികസനത്തിനായി കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ തന്നെ സര്‍വെയറെ ചീത്ത വിളിക്കുകയും, സര്‍വെകല്ലുകള്‍ പിഴുതുമാറ്റുകയുമുണ്ടായി. പോലീസ് കാവലിലാണ് സര്‍വെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

റോഡ് പണി തടസപ്പെടുത്താന്‍ ചെന്നവരെ എഞ്ചിനീയര്‍ ചെരുപ്പൂരി നേരിടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വധഭീഷണി അടക്കമുള്ള ഭീഷണികള്‍ വനിതാ എഞ്ചിനീയര്‍മാര്‍ക്കെതിരെ ഉണ്ടെന്നുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പോലീസ് നടപടികളുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K