27 June, 2019 02:45:46 PM


ഫ്രാങ്കോ കേസില്‍ കൂടുതല്‍ രേഖകള്‍ തേടി പ്രതിഭാഗം; വിചാരണ തടസ്സപ്പെടുത്തി അട്ടിമറിക്കാനുള്ള നീക്കമെന്ന് കന്യാസ്ത്രീകള്‍


.

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ നടപടികള്‍ നീളുന്നു. വിചാരണയ്ക്കായി കേസ് ഇന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനിരിക്കേ കേസിലെ കൂടുതല്‍ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിഭാഗം പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രതിഭാഗം ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് ജൂലായ് ഒന്‍പതിനകം നല്‍കാന്‍ മജിസ്‌ട്രേറ്റ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. കേസ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.


അതേസമയം, കേസുമായി ബന്ധപ്പെട്ട കുറ്റപത്രവും എല്ലാ അനുബന്ധ രേഖകളും പ്രതിഭാഗം നേരത്തെ തന്നെ കൈപ്പറ്റിയതാണെന്നും അത് മറച്ചുവച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത് വിചാരണ വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വൈകാതെ തന്നെ ബിഷപ് ഫ്രാങ്കോ കോടതിയില്‍ എത്തി കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ കൈപ്പറ്റിയിരുന്നു.


കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കന്യാസ്ത്രീയുടെ കുടുംബം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ബിഷപ് ഫ്രാങ്കോ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് കന്യാസ്ത്രീയും പരാതി നല്‍കുകയായിരുന്നു. ബിഷപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.


എന്നാല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ കന്യാസ്ത്രീകള്‍ എറണാകുളത്ത് പ്രതിഷേധ സമരം ആരംഭിച്ചതോടെയാണ് ബിഷപിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയതും മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതും. മൂന്നാഴ്ചയോളം റിമാന്‍ഡിലായിരുന്ന ബിഷപ് പിന്നീട് ജാമ്യത്തിലിറങ്ങി ജലന്ധറിലേക്ക് പോവുകയായിരുന്നു. അതേസമയം, കുറ്റപത്രം സ്വീകരിക്കാന്‍ കേരളത്തില്‍ എത്തിയ ബിഷപ് ഫ്രാങ്കോ പിന്നീട് ജലന്ധറില്‍ തിരിച്ചെത്തിയിട്ടില്ലെന്നൂം റിപ്പോര്‍ട്ടുണ്ട്. തൃശൂരിലെ വീട്ടില്‍ താമസിച്ച് കേസ് നേരിടാനുള്ള ഒരുക്കത്തിലാണ് ബിഷപ് ഫ്രാങ്കോ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K