28 June, 2019 11:35:38 AM


ഉപതെരഞ്ഞെടുപ്പ് ഫലം: കൊല്ലത്ത് ഇടതുമുന്നണിയ്ക്ക് ജയം കടയ്ക്കലും ഇട്ടിവയും നിലനിര്‍ത്തി

കൊല്ലം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു. കൊല്ലം കടയ്ക്കലും ഇട്ടിവയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് വിജയം. കടയ്ക്കലിലെ തുമ്പോട് വാർഡ് മെമ്പർ ആയിരുന്ന മനോഹരൻ മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ മർഫി 287 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇവിടെ നിന്ന് വിജയിച്ചു. ആകെ പോൾ ചെയ്ത 1086 വോട്ടുകളിൽ 668 വോട്ടുകളാണ് മർഫിക്ക് ലഭിച്ചത്. ഏതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ അഡ്വക്കേറ്റ് മോഹനന് 381 വോട്ടുകളാണ് കിട്ടിയത്. ബിജെപിയിലെ മണിരാജിന് 34 വോട്ടുകളും ലഭിച്ചു.


ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ നെടുമ്പുറം വാർഡ് മെമ്പർ ആയിരുന്ന എൽഡിഎഫിലെ അനിൽ ജോലി കിട്ടി പോയതിനെ തുടർന്ന് നടത്തിയ തിരഞ്ഞെടുപ്പിലാണ് ഡിവൈഎഫ്ഐ കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറിയായ ബൈജു 480 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 1292 വോട്ടുകളാണ്. അതിൽ 752 വോട്ടുകൾ എൽഡിഎഫിലെ ബൈജു നേടി യുഡിഎഫിലെ ബി രാജീവന് 272 വോട്ടുകളും ബിജെപിയിലെ ദീപേഷ് കുമാറിന് 264 വോട്ടുകൾ ലഭിച്ചു .സ്വതന്ത്ര സ്ഥാനാർഥിയായ വിജയന് നാലു വോട്ടുകളും ലഭിച്ചു. എൽഡിഎഫ് നേതൃത്വത്തിൽ വ്യാപകമായ ആഹ്ലാദപ്രകടനങ്ങൾ നടന്നു. അതേസമയം, അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡ് - യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കിഴക്കേകല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡ് എൽഡിഎഫിൽ നിന്ന്‌ യുഡിഎഫ് പിടിച്ചെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K