29 June, 2019 01:26:59 PM


സാംസ്‌കാരിക നിലയം തൂണുകളില്‍; കൊതുകു വളര്‍ത്താനും മാലിന്യ നിക്ഷേപത്തിനുമായി കിണറുകളും മഴവെള്ള സംഭരണികളും



ഏറ്റുമാനൂര്‍: നാല് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ തുടങ്ങിവെച്ച പദ്ധതികളൊന്നും ഇനി തങ്ങളായി പൂര്‍ത്തീകരിക്കേണ്ട എന്ന നിലപാടാണ്  നഗരസഭാ ഭരണകര്‍ത്താക്കളുടേതെന്ന് പരക്കെ ആരോപണമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് തെള്ളകത്തെ സാംസ്‌കാരികനിലയവും വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച കിണറുകളും മഴവെള്ള സംഭരണികളും ഏറ്റുമാനൂര്‍ ചിറക്കുളം ഉള്‍പ്പെടെയുള്ള നവീകരണപ്രവര്‍ത്തനങ്ങളുമൊക്കെ.

കോട്ടയം ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് തെള്ളകം അമ്പലം കോളനിയില്‍ സാംസ്‌കാരികനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2005 ജൂലൈയില്‍ അന്നത്തെ ജില്ലാ പഞ്ചായത്തംഗം ലതികാ സുഭാഷ് തറക്കല്ലിട്ട സാംസ്‌കാരികനിലയത്തിന്റെ പണികള്‍ ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു. ജനറല്‍ കോളനിയ്ക്കടുത്ത് പഞ്ചായത്ത് വക ഗ്രൌണ്ടിനോട് ചേര്‍ന്ന് ആരംഭിച്ച പണികളാകട്ടെ രാഷ്ട്രീയതര്‍ക്കങ്ങള്‍ മൂലം പാതിവഴിയില്‍ നിലച്ചു. നാട്ടുകാര്‍ ഇരുചേരികളായി രാഷ്ട്രീയം കളിച്ചതോടെ കരാറുകാരന് മുടക്കിയ തുകയില്‍ പകുതിയും നഷ്ടപ്പെട്ടു. ആറ് ലക്ഷം രൂപയോളം ഗ്രാമപഞ്ചായത്ത് ചെലവാക്കിയതിന്റെ ഓര്‍മ്മയ്ക്കായി ഏതാനും തൂണുകള്‍ ഇപ്പോഴും അവശേഷിക്കുന്നു.


വായനശാല, ഇന്റര്‍നെറ്റ് സംവിധാനത്തോടുകൂടിയ വിജ്ഞാന്‍വാടി, പുസ്തകശാല തുടങ്ങി വിവിധ സൌകര്യങ്ങളുമായാണ് സാംസ്‌കാരികനിലയം രൂപകല്‍പന ചെയ്തത്. ഗ്രാമപഞ്ചായത്ത് നഗരസഭയായതിനുശേഷം സാംസ്‌കാരികനിലയത്തിന്റെ പണികള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലസമീപനം ഉണ്ടായില്ല. നഗരസഭയുടെ വിവിധ വാര്‍ഡുകളിലെ അംഗന്‍വാടികളുടെ അവസ്ഥയും വളരെ പരിതാപകരമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. 

തെള്ളകത്ത് 19-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന അംഗന്‍വാടിയുടെ കെട്ടിടം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായതോടെ മറ്റൊരു കെട്ടിടം വാടകയ്ക്ക് എടുത്ത് മാറുകയായിരുന്നു. അതേസമയം പഴയ കെട്ടിടം പുതുക്കി പണിയാന്‍ നിര്‍ദ്ദേശം ഉണ്ടായെങ്കിലും നഗരസഭ ഇതുവരെ പരിഗണിച്ചിട്ടില്ല. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ഒട്ടേറെ മഴവെള്ളസംഭരണികള്‍ പല വാര്‍ഡുകളിലായി സ്ഥാപിച്ചിരുന്നു. അവയെല്ലാം ഇപ്പോള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. ഇപ്പോള്‍ മഴവെള്ളസംഭരണികള്‍ എന്ന പദ്ധതി ഇല്ലാത്തതിനാലാണ് അന്ന് സ്ഥാപിക്കപ്പെട്ടതെല്ലാം അനാഥമായതെന്നാണ് നഗരസഭാ അധികൃതരുടെ പക്ഷം. 

വേനലില്‍ കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും നേരത്തെ നിര്‍മ്മിച്ച ഈ മഴവെള്ളസംഭരണികള്‍ നന്നാക്കി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. പേരൂര്‍ പായിക്കാട് കടവ്, ഏറ്റുമാനൂര്‍ ടൗണ്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കെ നിര്‍മ്മിച്ച കിണറുകളാകട്ടെ മാലിന്യകൂമ്പാരങ്ങളും.  ഇവയെല്ലാം നവീകരിച്ച് കുടിവെള്ളവിതരണം ശക്തമാക്കും  എന്ന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞിരുന്നു. പക്ഷെ നടപ്പായില്ല. 

ഭരണസമിതിയില്‍ വിള്ളല്‍


ഇതിനിടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതില്‍ നഗരസഭാ ഭരണസമിതിയില്‍ തന്നെ വിള്ളല്‍ വീണു. നഗരസഭയിലെ അധികാര വിനിയോഗത്തര്‍ക്കവും ഉദ്യോഗസ്ഥതലത്തിലെ അധികാരത്തര്‍ക്കവും അപകര്‍ഷതാബോധവും പൊതുജനത്തിന് സേവനങ്ങള്‍ യഥാസമയം ലഭ്യമാകാതിരിക്കുന്നതിരിക്കുന്നതിന് കാരണമാകുന്നുവെന്ന് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍ ചൂണ്ടികാട്ടി. 

വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും നഗരപിതാവിനെ മാറ്റുന്ന സാഹചര്യം ഒഴിവാകണം. നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എന്‍ജിനിയറും തമ്മിലുള്ള ശീതസമരം നഗരസഭയെ കലാപകലുഷിതമാക്കി. ഭരണ-പ്രതിപക്ഷ കക്ഷികളിലെ ചില അംഗങ്ങളടങ്ങുന്ന കോക്കസ് ആണ് നഗരഭരണം കയ്യാളുന്നത്. ഇത്തരം ശീതസമരങ്ങളും കോക്കസുകളുടെ ഇടപെടലും നിര്‍മ്മാണ പ്രക്രിയകള്‍ മുടങ്ങാന്‍ കാരണമായി. പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തികരിക്കാതിരുന്നതുമൂലം പദ്ധതികള്‍ വെട്ടിച്ചുരുക്കി പുതി സാങ്കേതിക അനുമതി നേടേണ്ട സാഹചര്യവുമുണ്ടായി. വാര്‍ഡുകളില്‍ നടപ്പാക്കേണ്ട പല പദ്ധതികളും ഉപേക്ഷിക്കുകയാണിപ്പോള്‍.നഗരസഭയുടെ ആദ്യ ബഡ്ജറ്റ് മുതല്‍ നടത്തിയ മിക്കവാറും പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി. 

നികുതി യഥാസമയം കൃത്യമായി പിരിച്ചെടുക്കുന്നില്ല. പിരിക്കുന്നതുതന്നെ ജനങ്ങള്‍ക്ക് ഗുണകരമായി വിനിയോഗിക്കുന്നില്ല. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകുവാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് യഥാസമയത്ത് വസ്തു നിഷ്ടമായ മറുപടി നല്‍കുന്നതില്‍ പോലും ഗുരുതരമായ വീഴ്ച സംഭവിക്കുന്നു. ഉദ്യോഗസ്ഥ - ഭരണ നേതൃത്വത്തിന്റെ ശൈലി മാറി പ്രവര്‍ത്തനം കാര്യക്ഷമമായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്ന് ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കൂടിയായ ഗണേഷ് ഏറ്റുമാനൂര്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K