30 June, 2019 05:01:05 PM


കെഎസ്ആര്‍ടിസിയില്‍ ഗുരുതര പ്രതിസന്ധി: 600 ബസുകള്‍ റദ്ദാക്കി; തിങ്കളാഴ്ചയും സര്‍വീസുകള്‍ നിര്‍ത്തിവെക്കും

 



തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരുടെ പിരിച്ചുവിടൽ കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കി. ഞായറാഴ്ച കെഎസ്ആർടിസിയുടെ 200 ബസുകളാണ്‌ സർവീസ് മുടക്കിയത്. പ്രവർത്തിദിനമായ നാളെയും വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക.  തിങ്കളാഴ്ച 500 സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് സൂചന. അവധിക്ക് പോയിരിക്കുന്ന എല്ലാവരോടും തിരികെ വരാൻ കെഎസ്ആർടിസി എം ഡി ആവശ്യപ്പെട്ടിട്ടുണ്ട്.


താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനു പിറകെ ഡ്രൈവർമാരെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതാണ് കെഎസ്ആർടിസിയില്‍ പ്രതിസന്ധി രൂക്ഷമായത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് 2018 ലെ കെഎസ്ആർടിസി ഡ്രൈവർമാരെ ഇന്നലെ രാത്രി തന്നെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്. കോടതി നൽകിയ സമയം കഴിഞ്ഞതിനാലാണ് ഒറ്റ രാത്രികൊണ്ട് ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്. ഈ പ്രവർത്തികൊണ്ട് കെഎസ്ആർടിസിക്ക് തന്നെയാണ് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.


രാവിലെ ബസ് ഓടിക്കാൻ പലയിടത്തും ഡ്രൈവർമാർ ഇല്ലാതായി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂർ സബ് ഡിപ്പോയിൽ പത്ത് സർവ്വീസുകൾ മുടങ്ങി. കരുനാഗപ്പള്ളിയിൽ 7 സർവ്വീസുകൾ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയിൽ റോസ്‍മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയിൽ 55 സർവീസുകളുള്ളതിൽ 18 സർവീസുകൾ ഇന്ന് റദ്ദാക്കി. തിങ്കളാഴ്ച സർവീസ് നടത്തിയില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും കെഎസ്ആർടിസിക്ക് ഉണ്ടാവുക. 


സർവീസുകൾ പരമാവധി മുടങ്ങാതെ നടത്തണമെന്നും എം ഡി സോണൽ ഓഫീസുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തിദിവസമായ നാളെ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ദിവസമാണ്. പ്രതിസന്ധി എങ്ങനെ നേരിടും എന്ന ആശങ്കയിലാണ് സർക്കാരും. പിരിച്ചു വിട്ടവരെ വീണ്ടും കരാ‍ർ അടിസ്ഥാനത്തിൽ തിരിച്ചു നിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ പി എസ് സി റാങ്കിൽ മുന്നിൽ നിൽക്കുന്ന ഡ്രൈവർമാർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നാളെയാണ് കോടതി ഹർജി പരിഗണിക്കുന്നത്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം. അതുവരെ കെഎസ്ആ‍ര്‍ടിസിയിൽ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ചുരുക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K