30 June, 2019 09:28:20 PM


നിയമാവലിയില്‍ ഭേദഗതി ഇല്ല; രാജിവെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ 'അമ്മ' തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍



കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നിയമാവലിയിൽ തത്കാലം ഭേദഗതി ഉണ്ടാവില്ല. വുമണ്‍ കളക്ടീവ് അംഗങ്ങൾ അടക്കമുള്ളവര്‍ എതിർപ്പുയർത്തിയ സാഹചര്യത്തിൽ ആണ് ഭേദഗതി മരവിപ്പിച്ചത്. രാജിവെച്ച അംഗങ്ങൾ 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ തിരിച്ചുവരാമെന്ന് പ്രസിഡന്‍റ് മോഹൻലാൽ വ്യക്തമാക്കി.


സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്നും സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നുവെന്നമുള്ള ആരോപണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം ഭേദഗതികള്‍ വാർഷിക പൊതുയോഗത്തില്‍ ചർച്ചയായത്. എന്നാൽ, കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യവും മാത്രം അനുസരിച്ചാണെന്ന് കാട്ടി ഡബ്ല്യുസിസി അംഗങ്ങൾ ഭേദഗതിയെ രേഖാമൂലം എതിർത്തു.


സഹപ്രവർത്തക ആക്രമിക്കപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയില്‍ ഇല്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. ഉപസമിതികളിലൊന്നും ഉറപ്പാക്കാത്ത ഭേദഗതി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും എന്ന് ചൂണ്ടിക്കാട്ടി രേവതി, പാർവതി എന്നിവർ എതിർപ്പുന്നയിച്ചു. ജോയ് മാത്യു, ഷമ്മി തിലകൻ തുടങ്ങിയവരും ഭേദഗതിയെ എതിർത്തു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചർച്ചകൾക്കായി തീരുമാനം മാറ്റിയതെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ അറിയിച്ചു. ആഭ്യന്തര പരാതി പരിഹാരസെല്ലും താത്കാലം ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി അടക്കം സംഘടനയിൽ നിന്ന് രാജിവച്ച അംഗങ്ങൾ തിരിച്ചു വരാൻ അപേക്ഷ നൽകണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.


2021ൽ ആണ് ഇനി അമ്മയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുക. ഈ കാലയളവിനുള്ളിൽ ആവശ്യമെങ്കിൽ ഭേദഗതി നടപ്പാക്കാമെന്നും തീരുമാനിച്ചാണ് 25-ാമത് വാർഷിക പൊതുയോഗം പിരിഞ്ഞത്. യോഗത്തിൽ 'അമ്മ' യുടെ വക്താവായി മോഹൻലാലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഡബ്യുസിസിയുടെ എതിർപ്പല്ല ഭേദഗതി മരവിപ്പിക്കാൻ കാരണമെന്ന് നേതൃത്വം അറിയിക്കുന്നുണ്ടെങ്കിലും വനിതാകൂട്ടായ്മ 'അമ്മ'യ്ക്കെതിരെ വരുംദിവസങ്ങളിൽ പരസ്യമായി രംഗത്തെത്താനാണ് സാധ്യത.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K