04 July, 2019 05:18:51 PM


ഏറ്റുമാനൂര്‍ നഗരസഭ: ഭരണ - പ്രതിപക്ഷ മുന്നണികളില്‍ വിള്ളല്‍; ചെയര്‍മാനെതിരെ അവിശ്വാസത്തിന് നീക്കം




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്കും സൂപ്രണ്ടിനുമെതിരെ ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ തിരിഞ്ഞത് ഭരണമുന്നണിയിലും പ്രതിപക്ഷത്തും വിള്ളലിന് കാരണമായി. ഇരുമുന്നണികളിലേയും ഏതാനും കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണിത്. സെക്രട്ടറിയ്ക്ക് എതിരായി 20 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ നിന്നും കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍. 


സെക്രട്ടറിക്കും സൂപ്രണ്ടിനുമെതിരെ 19 ആരോപണങ്ങള്‍ ഉന്നയിച്ച് നല്‍കിയ കത്ത്  ജൂലൈ 9ന് പ്രത്യേക കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പൊട്ടിതെറികള്‍.35 അംഗങ്ങളുള്ള നഗരസഭയില്‍ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് 9ഉം കേരളാ കോണ്‍ഗ്രസിന് അഞ്ചും പ്രതിനിധികളാണുള്ളത്. പ്രഥമ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ ജയിംസ് തോമസായിരുന്നു. രണ്ട് വര്‍ഷത്തെ കാലാവധിക്കുശേഷം ആറ് മാസം വീതം രണ്ട് സ്വതന്ത്രന്‍മാര്‍ ഭരിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് എന്ന ധാരണയില്‍ ചെയര്‍മാനായി അധികാരമേറ്റ ജോര്‍ജ് പുല്ലാട്ട് ഉള്‍പ്പെടെ കേരളാ കോണ്‍ഗ്രസ് അംഗങ്ങളും ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ കോണ്‍ഗ്രസിലെ സൂസന്‍ തോമസും സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരേയുള്ള പരാതിയില്‍ ഒപ്പിട്ടിട്ടില്ല. ഇതാണ് കോണ്‍ഗ്രസുകാരും ഇടതുപക്ഷവും ഉള്‍പ്പെടെ ഒപ്പിട്ട അംഗങ്ങളെ ചൊടിപ്പിച്ചത്.   


കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ മാസങ്ങളായുള്ള ചേരിപ്പോര് രൂക്ഷമായതിനിടെയാണ് തന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ യുവതിയുവാക്കള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് 18-ാം വാര്‍ഡിലെ കൗണ്‍സിലര്‍ എന്‍.എസ്. സ്‌കറിയാ (കോണ്‍ഗ്രസ്) സെക്രട്ടറിയെ സമീപിച്ചത്. തനിക്കറിയില്ലാത്ത ആളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാകില്ല എന്ന നിലപാട് സ്വീകരിച്ച സെക്രട്ടറിയെ കൌണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചത് ഏറെ വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഒരു വിഭാഗം അംഗങ്ങള്‍ ചേര്‍ന്ന് സെക്രട്ടറിക്കും സൂപ്രണ്ടിനുമെതിരെ അണിയറനീക്കങ്ങള്‍ ആരംഭിച്ചത്.


എല്‍ഡിഎഫിന് 12 അംഗങ്ങള്‍ ഉള്ളതില്‍ 9 സിപിഎം പ്രതിനിധികളും സിപിഐയിലെ ഏക അംഗവും സെക്രട്ടറിക്കെതിരെ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സിപിഎമ്മിലെ ടി.പി.മോഹന്‍ദാസ് ഒപ്പിടാന്‍ വിസമ്മതിച്ചു. ഇതുവരെ നഗരസഭയില്‍ ചെയര്‍മാന് അനുകൂലനിലപാട് സ്വീകരിച്ചിരുന്ന സിപിഎം പ്രതിനിധികളും ഇപ്പോള്‍ കോണ്‍ഗ്രസുകാരോടൊപ്പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇതിനു പിന്നാലെ സെക്രട്ടറിക്കെതിരെ നീങ്ങരുതെന്ന് സിപിഎം പ്രാദേശികഘടകം തങ്ങളുടെ കൌണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. ബിജെപിയുടെ ആകെയുള്ള അഞ്ച് കൌണ്‍സിലര്‍മാരും ഒരു സ്വതന്ത്രയും സെക്രട്ടറിയുടെ ഭാഗത്താണ് ന്യായം എന്ന നിലപാടിലാണ്. സ്വതന്ത്രനായി ജയിച്ച മുന്‍ ചെയര്‍മാന്‍ ജോയി മന്നാമല വിദേശത്തായതിനാല്‍ ഈ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടില്ല. 


സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുന്ന കൌണ്‍സിലര്‍മാര്‍ അവരുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതികള്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും ഒരു വിജിലന്‍സ് അന്വേഷണം ഉണ്ടായാല്‍ പുറത്ത് വരിക നാട്ടുകാരെ ഞെട്ടിക്കുന്ന തരത്തിലുള്ള അഴിമതികഥകളായിരിക്കുമെന്നും മറുപക്ഷത്ത് നില്‍ക്കുന്ന കൌണ്‍സിലര്‍മാര്‍ ചൂണ്ടികാട്ടുന്നു. തങ്ങളോടൊപ്പം നില്‍ക്കുന്നില്ല എന്ന പേരില്‍ ജോര്‍ജ് പുല്ലാട്ടിനെ ഇറക്കി ധാരണപ്രകാരം അടുത്ത ചെയര്‍മാനാകേണ്ട ബിജു കൂമ്പിക്കന് എത്രയും പെട്ടെന്ന് അവസരമൊരുക്കാനുള്ള നീക്കം കൂടിയാണ് കോണ്‍ഗ്രസ് അംഗങ്ങളുടെതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നഗരസഭാ ഇലക്ഷന്‍ നേരത്തെ നടന്നാല്‍ ധാരണ പ്രകാരമുള്ള ഒരു വര്‍ഷം ഇനി കോണ്‍ഗ്രസിന് ലഭിക്കില്ലെന്നതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K