07 July, 2019 03:25:36 PM


ആറ് ടയറുകള്‍ക്ക് പകരം നാല് ടയറുകളുമായി സര്‍ക്കാര്‍ ബസ്; പൊളിക്കാൻ കൊണ്ടുപോയതെന്ന് അധികൃതര്‍



പൊള്ളാച്ചി: പിന്നില്‍ നാല് ടയറുകള്‍ക്ക് പകരം രണ്ട് ടയറുകളുമായി അപകടകരമായി നിരത്തിലോടിയ തമിഴ്‍നാട് സർക്കാർ ബസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൊള്ളാച്ചിയിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്ന ബസാണ് പിന്നില്‍ രണ്ട് ടയറുകളുമായി ഓടിയത്. ബസിനു പിന്നിൽ സഞ്ചരിച്ചിരുന്ന കാര്‍ യാത്രികരാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.


ടയർ വാങ്ങാൻ പോലും ട്രാൻസ്പോർട്ട് കോർപറേഷന് ഗതിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ ട്രാൻസ്പോർട്ട് അധികൃതർ വിശദീകരണവുമായി എത്തി. ഉപയോഗശൂന്യമായ ബസ് പൊളിച്ചു മാറ്റാൻ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതരുടെ വാദം. 


കൂടുതൽ ഭാരം വഹിക്കുന്ന വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കാണ് പിന്നിൽ നാലു ടയറുകൾ നൽകുന്നത്. വാഹനങ്ങളുടെ സ്റ്റെബിലിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. വാഹനങ്ങളുടെ ഭാരവാഹക ശേഷിക്കനുസരിച്ച് ടയറുകളുടെ എണ്ണം പിന്നെയും കൂടും. അതുകൊണ്ടു തന്നെ പിന്നിൽ നാലു ടയറുകൾ ഇല്ലാതുള്ള ബസുകളുടെ യാത്ര അപകടകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K