08 July, 2019 01:35:32 PM


ചിക്കന്‍ ബിരിയാണി, മൂന്ന് ചപ്പാത്തി, കോഴിക്കറി: 127 രൂപയ്ക്ക് ഇനി വീട്ടിലെത്തും 'ജയില്‍ കോംബോ ലഞ്ച്'




തൃശൂര്‍: ചിക്കന്‍ ബിരിയാണി, മൂന്ന് ചപ്പാത്തിയും കോഴിക്കറിയും, ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍. കൂടെ അല്‍പം മധുരവും... ജയില്‍ കോംബോ ലഞ്ച് ഇനിമുതല്‍ 127 രൂപയ്ക്ക് വീട്ടിലെത്തും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ജയില്‍ കോംബോ ലഞ്ച് ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി കൈകോര്‍ത്താണ് വിയ്യൂര്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്ന് ഭക്ഷണം പുറത്തേയ്‌ക്കെത്തുന്നത്.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ വിഭവസമൃദ്ധമായ ലഞ്ച് വീട്ടിലെത്തും. ആദ്യ ഘട്ടത്തില്‍ ജയിലിന്‍റെ ആറു കിലോമീറ്റര്‍ ചുറ്റളവിലാണ് സേവനം ലഭ്യമാകുന്നത്. ഫ്രീഡം കോംബോ ലഞ്ച് എന്ന പേരിലുള്ള ഓണ്‍ലൈന്‍ വിതരണം ഈ മാസം 11 ന് ആരംഭിക്കും. പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് വിതരണം.

ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതലയേറ്റെടുത്തശേഷം നല്‍കിയ നിര്‍ദേശപ്രകാരമാണ് ജയില്‍ കോംബോ ലഞ്ച് ഒരുങ്ങുന്നത്. അടുത്തിടെ ഒന്നര കോടി രൂപ ചിലവഴിച്ച് ഇവിടുത്തെ അടുക്കള ഹൈടെക്കാക്കിയിരുന്നു. കുടുതല്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യാനാണ് നീക്കം.


വിഭവങ്ങള്‍: (1)  300 ഗ്രാം ബിരിയാണി റൈസ്, (2) റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, (3) മൂന്ന് ചപ്പാത്തി, (4) ചിക്കന്‍ കറി, (5) മിനറല്‍ വാട്ടര്‍, (6) കപ്‌കേക്ക്, (7) സലാഡും അച്ചാറും. ആകെ വില : 127 രൂപ, വെള്ളം വേണ്ടെങ്കില്‍ : 117 രൂപ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K