08 July, 2019 01:38:26 PM


മകന്‍റെ വിവാഹത്തിന് വധുവിന്‍റെ ആഭരണങ്ങൾക്ക് പൊലീസ് കാവല്‍; എസ് പി വേണുഗോപാലിന് എതിരേ കൂടുതല്‍ ആരോപണം



തിരുവനന്തപുരം: കസ്റ്റഡി മരണ കേസില്‍ സ്ഥലം മാറ്റപ്പെട്ട എസ്പി വേണുഗോപാല്‍ മകന്‍റെ വിവാഹ ചടങ്ങിന് ആഭരണങ്ങൾ സൂക്ഷിക്കാൻ കൊച്ചിയിൽ ഡ്യൂട്ടിക്കിട്ടത് നാലു പോലീസുകാരെ. ആഭരണങ്ങൾക്കു കാവൽ നിൽക്കാൻ സേനയെ ദുരുപയോഗം ചെയ്തുവെന്നതിനെക്കുറിച്ച് ഇടുക്കി ജില്ലയിലെ ചില പൊലീസുകാര്‍ ഡിജിപിക്കു നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇന്റലിജൻസ് അന്വേഷണം തുടങ്ങി.


മരുമകളുടെ വജ്രാഭരണങ്ങൾ സൂക്ഷിക്കാൻ ഇടുക്കി ജില്ലയിൽ നിന്നു വനിത പൊലീസുകാരി ഉൾപ്പെടെ നാലു പോലീസുകാരുടെ പട്ടിക സ്പെഷൽ ബ്രാഞ്ചിലെ ഒരു എഎസ്ഐയാണ് എസ് പിയ്ക്ക് നല്‍കിയത്. മെയില്‍ കൊച്ചിയിൽ വച്ചായിരുന്നു മകന്‍റെ വിവാഹം. മരുമകളുടെ വീട്ടിൽ എത്തിക്കുന്നതു മുതൽ വിവാഹദിനം വരെ പൊലീസുകാർ വജ്രാഭരണങ്ങൾക്കു രാവും പകലും കാവൽ നിന്നുവെന്നാണ് കിട്ടിയ വിവരം. ജോലി ഭംഗിയായി നിര്‍വ്വഹിച്ചതിന് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം തൊടുപുഴ മേഖലയിൽ ജോലി ചെയ്തിരുന്ന ഈ പൊലീസുകാര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുകയും ചെയ്തു.


രാജ്‌കുമാർ കൊല്ലപ്പെട്ട സംഭവത്തില്‍ മുൻ എസ്.പിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം ശക്തമാണ്. ഇതിനിടയിലാണ് വേണുഗോപാലിനെതിരെ കൂടുതൽ പരാതികൾ പുറത്തുവരുന്നത്. ഇടുക്കിയിൽ വണ്ടിപ്പെരിയാറിൽ എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിൽ അനധികൃതമായി ഇടപെടുകയും തോട്ടം ഉടമകളിൽ ഒരാളുടെ ആതിഥ്യം സ്വീകരിച്ച്, മേയ് 31നു രാത്രി ബംഗ്ലാവിൽ താമസിച്ചതിനെക്കുറിച്ചും, ഡി ജി പിയുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയിരുന്നു. മുഖ്യ മന്ത്രിക്കു നേരിട്ട് പരാതി നൽകിയ തോട്ടം ഉടമയെ വേണുഗോപാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K