09 July, 2019 10:42:41 AM


കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്തതിൽ ഇടുക്കി മജിസ്ട്രേറ്റിന് ഗുരുതര വീഴ്ച - കെമാൽ പാഷ



കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇടുക്കി മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെ റിട്ട. ജസ്റ്റിസ് കെമാൽ പാഷ. സംഭവം കൈകാര്യം ചെയ്യുന്നതിൽ ഇടുക്കി മജിസ്ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് കെമാൽ പാഷ ആരോപിച്ചു. ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാൻ മജിസ്ട്രേറ്റിന് കഴിയണമായിരുന്നു എന്നും കെമാൽ പാഷ പറഞ്ഞു. 

കാറിനടുത്ത് പോയാണ് മജിസ്ട്രേറ്റ് പ്രതിയെ റിമാന്‍റ് ചെയ്യുന്നത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെക്കുറിച്ച് എങ്കിലും മജിസ്ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അതെപ്പറ്റി അന്വേഷിച്ച് വേണമായിരുന്നു തുടര്‍നടപടി എടുക്കാൻ. അവശതയുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നൽകാൻ മജിസ്ട്രേറ്റ് തയ്യാറാകണമായിരുന്നു എന്നും കെമാൽ പാഷ വ്യക്തമാക്കി. 

കസ്റ്റഡി കൊലപാതകകേസിൽ ജയിൽ അധികൃതര്‍ക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാൻ ജയിൽ സൂപ്രണ്ട് തയ്യാറായില്ല. മജിസ്ട്രേറ്റിനടുത്തേക്ക് നടക്കാൻ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയെന്നാണ് കെമാൽ പാഷയുടെ ചോദ്യം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K