10 July, 2019 03:25:02 PM


ഏറ്റുമാനൂര്‍ നഗരസഭ: കേസുകളിലെല്ലാം വന്‍ തോല്‍വി; വക്കീല്‍ ഫീസിനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം

സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സിന്‍റെ വാടകയിനത്തില്‍ നഷ്ടം രണ്ടര ലക്ഷം



- എം.പി.തോമസ്


ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ഫയലുകള്‍ കൃത്യമല്ലാത്തതിനാലും രേഖകള്‍ പലതും നഷ്ടപ്പെട്ടതിനാലും സംഭവിക്കുന്ന വന്‍ സാമ്പത്തികനഷ്ടങ്ങളുടെ കണക്കുകളുമായി അംഗങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൌണ്‍സിലില്‍ ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ ബഹളത്തിലാണ് കലാശിച്ചത്. വിവിധ കേസുകള്‍ക്ക് കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് വന്‍തുക നഗരസഭയില്‍ നിന്ന് പോകുന്നുണ്ടെന്നും എന്നാല്‍ ഇതിനൊന്നും കണക്കില്ലെന്നും കേസുകളുടെ നിലവിലെ സ്ഥിതി എന്താണെന്നും ആര്‍ക്കും അറിവില്ലെന്നുമുള്ളതായിരുന്നു പ്രധാന ആരോപണം.


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കെ തന്നെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒട്ടേറെ കേസുകള്‍ ഉണ്ടെങ്കിലും ഇവ സംബന്ധിച്ച യാതൊരു രേഖകളും ഇപ്പോള്‍ നഗരസഭയില്‍ ലഭ്യമല്ല. മുന്‍ സെക്രട്ടറിമാര്‍ ഇത്തരം രേഖകള്‍ കൈമാറാതെ പോയതും ചെറിയ കാലയളവിലേക്ക് മാത്രമായി കസേര പങ്കിട്ട ചെയര്‍മാന്‍മാരും ഭരണസമിതിയും ഇതൊന്നും ശ്രദ്ധിക്കാതിരുന്നതുമാണ് കാരണമായി അംഗങ്ങള്‍ ചൂണ്ടികാട്ടുന്നത്. മുമ്പ് ഭരിച്ചവർ യാതൊരു രേഖകളും ഇല്ലാതെ ലൈസൻസുകളും മറ്റും ഒപ്പിട്ടു നൽകിയതും പ്രശ്നമായി. തോല്‍വി ഇരന്നു വാങ്ങുന്നതോടൊപ്പം പിഴയിനത്തിലും മറ്റും നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. നഗരസഭയ്ക്ക് ലഭിക്കേണ്ട പല തുകകളും ലഭിക്കാതെയും പോകുന്നു.


നഗരസഭയുടെ അഭിഭാഷകര്‍ ഇത്തരം രേഖകള്‍ ഒന്നുമില്ലാതെയും കേസ് പഠിക്കാതെയും കോടതിയില്‍ ഹാജരാകുന്നതാണ് കേസുകളിലെല്ലാം നഗരസഭയ്ക്ക് എതിരായി വിധി വരുന്നതെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് കൌണ്‍സിലില്‍ ആരോപിച്ചു. തോല്‍ക്കുന്ന കേസിന് പോലും കോടതിയില്‍ ഹാജരായി എന്നു പറഞ്ഞ് ബില്‍ ഹാജരാക്കി വന്‍തുകയാണ് ഇവര്‍ കൈപ്പറ്റുന്നത്. അതുകൊണ്ടുതന്നെ ഈ അഭിഭാഷകരെ നീക്കി പുതിയ ആളുകളെ നിയോഗിക്കണമെന്ന് മോഹന്‍ദാസ് ആവശ്യപ്പെട്ടതിനെ ചെയര്‍മാന്‍ ന്യായീകരിച്ചെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടോമി പുളിമാന്‍തുണ്ടത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ എതിര്‍ക്കുകയാണ് ചെയ്തത്.


സെക്രട്ടറിയ്ക്ക് താമസിക്കുന്നതിന് വീട് വാടകയ്‌ക്കെടുത്ത് ക്വാര്‍ട്ടേഴ്‌സ് ആയി ഉപയോഗിക്കുന്നതില്‍ രണ്ടര ലക്ഷം രൂപാ നഗരസഭയ്ക്ക് നഷ്ടമുണ്ടായതായാണ് മറ്റൊരു പരാതി. പതിനായിരം രൂപ മാസവാടകയ്ക്ക് എടുത്ത കെട്ടിടവും ഗൃഹോപകരണങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷമായി ആള്‍താമസമില്ലാതെ നശിക്കുന്നു എന്ന ആരോപണം കൌണ്‍സിലര്‍മാര്‍ തന്നെയാണ് ഉന്നയിച്ചത്. സെക്രട്ടറി നഗരസഭാ പരിധിക്കുള്ളില്‍ തന്നെ താമസിക്കണമെന്നുള്ളതുകൊണ്ടാണ് മുന്‍ സെക്രട്ടറിയുടെ കാലത്ത് ക്വാര്‍ട്ടേഴ്‌സിനായി നഗരസഭ കെട്ടിടം വാടകയ്‌ക്കെടുത്തത്. നഗരസഭയുടെ അനുവാദമില്ലാതെ മുന്‍ സെക്രട്ടറി ക്വാര്‍ട്ടേഴ്‌സില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങിയിടുകയും മോടി കൂട്ടുകയും ചെയ്തത് വിവാദമായിരുന്നു.


എന്നാല്‍ പുതിയ സെക്രട്ടറി ചാര്‍ജെടുത്തശേഷം ഇവിടെ സ്ഥിരമായി താമസിച്ചിട്ടില്ല. സെക്രട്ടറി നഗരസഭാ പരിധിക്കുള്ളില്‍ തന്നെ താമസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഭരണസമിതിയാണെന്നിരിക്കെ ഈ വിഷയം ഉന്നയിച്ച് കൌണ്‍സിലില്‍ ബഹളം കൂട്ടിയതും ഭരണസമിതി അംഗങ്ങള്‍ തന്നെ. സെക്രട്ടറിയുടെ വീഴ്ചയായി മാത്രം ഇതിനെ കാണാന്‍ പറ്റില്ലെന്നും ഭരണസമിതിയും മുന്‍ ചെയര്‍മാന്‍മാരുമാണ് ഉത്തരവാദികള്‍ എന്നും ഒരു വിഭാഗം അംഗങ്ങള്‍ പറഞ്ഞു. ഒരു വനിത എന്ന നിലയില്‍ തനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടും വീട് ഒഴിയാനുള്ള ഏര്‍പ്പാടുകള്‍ നഗരസഭ ചെയ്തിരുന്നില്ല.  ക്വാര്‍ട്ടേഴ്‌സിന് വാടക അനുവദിക്കുന്ന ധനകാര്യസ്ഥിരം സമിതി അധ്യക്ഷ ഇത് യഥാസമയം ചെയര്‍മാനെ ധരിപ്പിക്കണമായിരുന്നു. ഇതൊന്നും ഇവിടെ സംഭവിച്ചില്ല എന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K