10 July, 2019 04:01:42 PM


പേരൂര്‍ പൂവത്തുംമൂട്ടില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്



കോട്ടയം: പേരൂര്‍ പൂവത്തുംമൂട്ടില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവര്‍ തിരുവഞ്ചൂർ ഓലത്തുപറമ്പിൽ സജീവ് (45), യാത്രക്കാരായ തിരുവഞ്ചൂർ ഓണശ്ശേരിൽ ബിന്ദു ചെറിയാൻ (43), മകൾ സെനു (19) എന്നിവർക്കാണ് പരിക്കേറ്റത്. മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പൂവത്തുംമൂട് കവലയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിയോടെ ആയിരുന്നു അപകടം. സംക്രാന്തിയില്‍ നിന്നും പേരൂര്‍ റോഡിലൂടെ വന്ന ഓട്ടോറിക്ഷ തിരുവഞ്ചൂരിലേക്ക് പോകാനായി കവലയിലെ വളവ് തിരിയവെ പൂവത്തുംമൂട് പാലം കടന്ന് വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.



ഇടിയുടെ ആഘാതത്തില്‍ തെറിച്ച് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട ഡ്രൈവറെ നാട്ടുകാര്‍ ഓടികൂടിയാണ് പുറത്തെടുത്തത്. ഈ സമയം അതുവന്ന ആംബുലന്‍സില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തിരുവഞ്ചൂര്‍ തണ്ടാശേരില്‍ ഭാഗത്ത് ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. മെഡിക്കല്‍ കോളേജിലേക്ക് രോഗികളെയും കൊണ്ട് ഒട്ടേറെ ആംബുലന്‍സുകള്‍ ചീറിപ്പായുന്ന ഈ കവലയില്‍ അപകടങ്ങള്‍ നിത്യസംഭവമാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K