12 July, 2019 08:54:51 AM


കൊടുങ്കാറ്റില്‍ ബോട്ട് തകര്‍ന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യ തൊഴിലാളി 4 ദിവസം ഒഴുകി നടന്നു; 24 പേരെ കാണാതായി




കൊല്‍ക്കത്ത: കൊടുങ്കാറ്റില്‍ കടലില്‍ ബോട്ട് മുങ്ങി ഒഴുകി നടന്ന യുവാവിനെ നാലു ദിവസത്തിന് ശേഷം നടുക്കടലില്‍ നിന്നും വിധി കരയ്‌ക്കെത്തിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ രബീന്ദ്രനാഥ് ദാസ് എന്ന ബംഗാളുകാരനെ രക്ഷപ്പെടുത്തിയത് ബംഗ്‌ളാദേശ് കപ്പലായിരുന്നു. ഒരു ലൈഫ് ജാക്കറ്റും ധരിച്ച് നാലു ദിവസത്തോളം അത്ഭുതകരമായി ഇയാള്‍ വെള്ളത്തിന് മുകളില്‍ ഒഴുകി നടന്നു. ബംഗാളിലെ കാകദ്വീപുകാരനായ ദാസിനെ മ്യാന്‍മറില്‍ നിന്നും തിരിച്ച് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലാണ് കണ്ടെത്തിയത്.


വീട്ടില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ ചിറ്റഗോംഗ് തീരത്തായിരുന്നു ഈ സമയം ദാസ്. കഴിഞ്ഞ വ്യാഴാഴ്ച ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പിനെ അവഗണിച്ച് കാകദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 100 ബോട്ടുകളില്‍ ഒന്നായിരുന്നു ദാസിന്റേതും. എന്നാല്‍ ശനിയാഴ്ച കടലില്‍ ശക്തമായ കാറും കോളും കൊടുങ്കാറ്റും രൂപപ്പെടുകയും ദാസിന്റേതുള്‍പ്പെടെയുള്ള ബോട്ടുകള്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് അപ്പുറത്ത് ബംഗ്‌ളാദേശിന്‍റെ സമുദ്രപരിധിയില്‍ എത്തുകയും ചെയ്തു. കടലില്‍ കാണാതായ മിക്ക ബോട്ടുകളും കണ്ടെത്തുകയും 25 പേര്‍ ഒഴികെ മിക്ക മത്സ്യത്തൊഴിലാളികളെയും തൊട്ടടുത്ത മണിക്കൂറില്‍ തന്നെ ബംഗ്‌ളാദേശി ബോട്ടുകള്‍ രക്ഷപ്പെടുത്തുകയും ചെയ്തു.


ശക്തമായി തെരച്ചില്‍ നടത്തിയിട്ടും കാണാതായ സാഹചര്യത്തില്‍ ഇവര്‍ മരണമടഞ്ഞിരിക്കാമെന്ന് അധികൃതര്‍ വിധിയെഴുതുകയൂം ചെയ്തു. എന്നാല്‍ മരണത്തെ വഞ്ചിച്ച് രബീന്ദ്രനാഥ് മാത്രം തിരിച്ചുവന്നു. കടലില്‍ പെട്ടവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്ന എംവി ജാവേദ് എന്ന കപ്പലിലെ ജീവനക്കാരാണ് ചിറ്റഗോംഗ് തീരത്ത് ഒഴുകി നടക്കുന്ന നിലയില്‍ രബീന്ദ്രനാഥ് ദാസിനെ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. മറ്റു 15 പേര്‍ക്കൊപ്പമാണ് രബീന്ദ്രനാഥ് ദാസ് സഞ്ചരിച്ച എഫ്ബി നയന്‍-1 യാത്ര തിരിച്ചത്. മറ്റുള്ളവരെ കണ്ടെത്താനായിട്ടില്ല. ബോട്ട് മുങ്ങി നാലു ദിവസം കഴിഞ്ഞ് കപ്പല്‍ കണ്ടെത്തും വരെ ഇയാള്‍ കടലിലൂടെ ഒഴുകി നടക്കുകയായിരുന്നു.


ഓരോ തവണ കപ്പല്‍ അടുക്കുമ്പോഴും ദൂരേയ്ക്ക് ഒഴുകിപ്പോയിരുന്ന രബീന്ദ്ര നാഥിനെ ഒടുവില്‍ ആദ്യം കണ്ടെത്തിയ സ്ഥലത്ത് നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നും ലൈഫ് ട്യൂബുകള്‍ താഴ്ത്തിക്കൊടുത്താണ് കപ്പലിലേക്ക് പിടിച്ചു കയറ്റിയത്. തുടര്‍ന്ന് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിരം അനുസരിച്ച് ബംഗ്‌ളാദേശ് നേവിയും തീരദേശ സേനയും സ്ഥലത്തെത്തി ചിറ്റഗോംഗിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ സൗത്ത് 24 പര്‍ഗാനയിലെ ജില്ലാ മജിസ്‌ട്രേറ്റ് ബംഗ്‌ളാദേശ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും രബീന്ദ്രനാഥിനെ തിരികെ കൊണ്ടു വരുന്ന കാര്യം ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. കടലില്‍ കാണാതായ മറ്റ് 24 പേരുടെ കുടുംബങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K